നാലുകെട്ട്

എം. ടി. വാസുദേവൻ നായരുടെ "നാലുകെട്ട് "നോവലിൽ നിന്ന് ഒരു ഭാഗം

Read in : English Read in : Tamil

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. ‘ആരെടാ?’ എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: ‘ഞാനാണ്, കോന്തുണ്ണിനായരുടെ മകൻ അപ്പുണ്ണി.’

അന്ന്, അന്നൊരിക്കൽ, സെയ്‌താലിക്കുട്ടിയെ കണ്ടുമുട്ടാതിരിക്കില്ല. എന്നിട്ടുവേണം പകരം ചോദിക്കാൻ. സെയ്‌താലിക്കുട്ടിയുടെ കഴുത്തു കൈകളിൽക്കിടന്നു പിടയുമ്പോൾ പറയും: നീ യല്ലേ, നീയല്ലേ എൻറെ-‘

-അതോർക്കുമ്പോൾ അപ്പുണ്ണിയുടെ കണ്ണു കൾ നനയും.

സെയ്താലിക്കുട്ടിയുമായി ഏറ്റുമുട്ടുന്ന ആ രംഗം പലപ്പോഴും കാണാറുള്ളതാണ്; ഉറക്കം വരാതെ കണ്ണടച്ചു കിടക്കുമ്പോഴും കുണ്ടു ങ്ങൽക്കാരുടെ പടിക്കലെ കുങ്കുമച്ചുവട്ടിൽ ഉച്ചത്തണലില്‍ തനിയെ ഇരിക്കുമ്പോഴുമെല്ലാം.

ആരാണ്‌ സെയ്താലിക്കുട്ടിഃ അപ്പുണ്ണി കണ്ടി ട്ടില്ല. കാണരുതെന്ന്‌ അവന്‍ പ്രാർത്ഥിക്കാറുണ്ട്‌. കൂറേക്കൂടി കഴിഞ്ഞിട്ടു മതി; വളര്‍ന്നു വലുതായ ശേഷം. അപ്പോള്‍ കണ്ടുപിടിച്ചുകൊള്ളാം.

പക്ഷേ സന്ധ്യയ്ക്ക്‌ അങ്ങാടിയിലേയ്ക്ക്‌ പുറ പ്പെടുമ്പോള്‍ അവന്‍ സെയ്താലിക്കുട്ടിയെപ്പറ്റി ഓര്‍ത്തിരുന്നില്ല; ആ മനുഷ്യനെ കാണുമെന്നു കരുതിയിരുന്നതുമില്ല.

സ്ക്കൂള്‍ വിട്ടു വീട്ടിലെത്താന്‍ വൈകി. അമ്പലവട്ടത്തു കൂട്ടുകാരുടെ കൂടെ നടന്നൂ. ഷാരത്തെ മേല്‍പ്പുറത്തെ പറങ്കിമാവിന്‍തോ ട്ടത്തില്‍നിന്നു മാങ്ങയെറിഞ്ഞു വീഴ്ത്തി. പറ ങ്ങോടന്‍റെയും അച്ചുതക്കുറുപ്പിന്‍റെയും പറങ്കി മാവിന്‍തോപ്പുകളില്‍നിന്നു മാങ്ങ പൊട്ടിക്കുന്ന കാര്യം നോക്കണ്ടാ. അവര്‍ വല്ലാത്ത കൂട്ടരാണ്‌. കണ്ടുപിടിച്ചാല്‍ തന്തയ്ക്കും തള്ളയ്ക്കുമാണ്‌ പറയുക. ഷാരടിയോടു ചോദിച്ചാല്‍ സമ്മതം തരും. വയസ്സന്‍ അണ്ടിയെല്ലാം കിട്ടണമെന്നേയു ള്ളൂ. അയാള്‍ക്കു മക്കളില്ലാത്തതുകൊണ്ടാണ ത്രേ, കൂട്ടികളോടിത്തിരി സ്‌നേഹം.

അതുംകഴിഞ്ഞു കുന്നിന്‍പുറത്തെത്തിയപ്പോള്‍ നനഞ്ഞുനില്ക്കുന്ന പൂല്ക്കട്ടകൾ ചവി ട്ടിയടര്‍ത്തി വഴുക്കുചാലുണ്ടാക്കി കളിച്ചുനി ലക്കുകയും ചെയ്തു. നേരം പോയതറിഞ്ഞില്ല.

നേരെ സ്ക്കൂള്‍വിട്ടു വീട്ടിലെത്തുന്ന ദിവസ ങ്ങളില്‍ അമ്മ ഇല്ലത്തുനിന്നു തിരിച്ചെത്തിയി ട്ടുണ്ടാവില്ല. അടുക്കളയില്‍ ഉറിയിലാക്കി അടച്ചു വെച്ച കഞ്ഞിക്കിണ്ണമെടുത്ത്‌ ഒറ്റവീര്‍പ്പിനു മോന്തിക്കൂടിച്ച്‌, കൊട്ടിലിലെ ‘മുത്താച്ചി’യൂടെ അടുത്തുപോയി രണ്ടു ഞായം പറഞ്ഞിരിക്കു മ്പോഴേയ്ക്കും അമ്മ എത്തുകയായി.

അന്നവന്‍ വന്നുകയറിയപ്പോള്‍ അമ്മ അത്താ ഴംകയറ്റിയ അടുപ്പിലേയ്ക്ക്‌ ഉമിയെറിഞ്ഞു കത്തിക്കുകയാണ്‌.

‘എന്തേടാ, ഇത്ര വൈഗ്യേ?’

‘ഒന്നുല്ല്യാമ്മേ.’

‘എത്ര പറഞ്ഞതാ, അപ്പുണ്ലേ, സന്ധ്യാമ്പള യ്ക്ക്‌ വീട്ടലെത്തണംന്ന്‌.’

അതിനവനൊന്നും പറഞ്ഞില്ല. അവനറിയാം, ഏറിയാല്‍ അമ്മ അത്രയേ ശകാരിക്കുകയുള്ളൂ.

കുഞ്ഞി നിന്നുകൊണ്ടുതന്നെ മോന്തി. അപ്പോ ഴാണ്‌ അമ്മ പറയുന്നത്‌:

‘ന്‍റെ മോന്‍ പോയിട്ടാ ഈസ്പ്പിന്‍റെ പീട്യേന്ന്‌ രണ്ടണയ്ക്ക്‌ വെളിച്ചെണ്ണ വാങ്ങി ക്കൊണ്ടന്നാ.’

അവന്‍ പുറത്തേയ്ക്ക്‌ നോക്കി. വെയിൽ തീരെ മാഞ്ഞുകഴിഞ്ഞു. ഇരുട്ടു വന്നുകയറിയി ട്ടില്ല. മാനം കറുത്തു നില്ക്കുന്നു. ഇരുട്ടായാല്‍ ഇരുവശത്തും കൈതക്കാടുകള്‍ വളരുന്ന ആ ഇടവഴിയിലൂടെ പോകാനിത്തിരി ഭയമുണ്ട്‌. ആ വഴിയുടെ വക്കിലാണത്രേ മന്ത്രവാദി ഏരോമ നെ ദഹിപ്പിച്ചത്‌. അല്പം മടിതോന്നി.

‘ഇനി നാളെ മത്യമ്മേ.’

‘ഒരു തുള്ളി തൊട്ടുപെരട്ടാന്‍കൂടില്ലെടാ. ഒ റ്റോട്ടത്തിനു വാ.’

അവന്‍ വീണ്ടും സംശയിച്ചുനിന്നു. പേടിയു ടെ കാര്യം പറഞ്ഞാല്‍ അമ്മ പോകേണ്ടെന്നു പറയും. പക്ഷേ അതു കുറവല്ലേ? അവനത്ര ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എട്ടിലാണവന്‍ പഠിക്കുന്നത്‌. ക്ലാസിലെ മോണിറ്റരാക്കിയത്‌ മാ ഷ്‌ അവനെയാണ്‌.

‘ഉം ചെല്ല , അപ്പുണ്യേ, വേഗം കൊണ്ടന്നാല്‍ ഉള്ളി മൂപ്പിച്ചു ചോറുതരണ്ട്‌’

പിന്നെ അവനു സംശയമുണ്ടായില്ല.

‘കാശും കുപ്പീം എടുത്തേരു.’

ഉള്ളി മൂപ്പിച്ച ചോറ്‌ എന്നുവെച്ചാല്‍ ചെറിയ ഒരു കാര്യമല്ല. രണ്ടോ മൂന്നോ തവണയേ അതി ന്‍റെ സ്വാദറിഞ്ഞിട്ടുള്ളൂ. ചീനച്ചട്ടിയില്‍ ഉള്ളി യരിഞ്ഞിട്ടു വെളിച്ചെണ്ണയൊഴിച്ച്‌ അടുപ്പത്തു വെയ്ക്കും; ഉള്ളി പുകയാന്‍ തുടങ്ങുമ്പോള്‍ അമ്മ ചട്ടുകംകൊണ്ട്‌ ചോറു കോരിയിടുന്നു. അതു കിണ്ണത്തിലാക്കി മുമ്പിലെത്തിയാല്‍ ഒരു മണം പൊങ്ങാനുണ്ട്‌!

ഹായ്‌, ഓര്‍ക്കുമ്പോള്‍ ഒരു കുടം വെള്ളമൂറും വായില്‍.

അണ, ചുവന്ന ട്രസറിനന്‍റെ പോക്കറ്റിലിട്ടു കുപ്പിയുമെടുത്ത്‌ അവന്‍ പുറത്തേയ്ക്കൊരോട്ടം കൊടുത്തു.

കൈതക്കാടുകള്‍ക്ക്‌ നടുക്കുള്ള ഇടവഴിയുടെ തുടക്കത്തിലെത്തിയപ്പോള്‍ ഒരു നിമിഷം ഒന്നു സംശയിച്ചു നിന്നു. ഇല്ല, അത്രയ്ക്കിരുട്ടായി ട്ടൊന്നുമില്ല. എങ്കിലും ഇടതൂര്‍ന്ന കൈതക്കൂട്ടമ ല്ലേ ഇരുപുറത്തും? തക്കൂട്ടത്തിന്നിടയിലെ മാളങ്ങളിലാണത്രേ മൂര്‍ഖന്‍പാനമ്പുകള്‍ താ മസിക്കുക. കൈതപ്പൂവിന്‍റെ മണം പാമ്പിന്‌ ഇഷ്ടമാണത്രേ. നല്ല മണം, നല്ല പാട്ട, ചന്തമു ള്ള പെണ്ണുങ്ങൾ-ഇതൊക്കെയാണ്‌ വല്ലാത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പിന്‌ ഇഷ്ടം. വിഷമുള്ള പാമ്പുകള്‍ക്കുമാത്രമാണാവോ ഇത്‌?

ഇടവഴിയിലെ ഓരോ കല്ലും പടവും കുഴിയും അവനു സുപരിചിതമാണ്‌. പതുക്കെ പോകൂ മ്പോഴല്ലേ പേടിക്കാനുള്ളൂ? കുതിച്ചൊരോട്ടം കൊടുത്തു. മറുതലയില്‍ പാടത്തിന്‍െറ മുഖ ത്തെത്തിയപ്പോഴേ നിന്നുള്ളൂ.

ഒരു കണ്ടം കുടന്നാല്‍ അങ്ങാടിയായി. പുഴ വക്കത്തുതന്നെയാണ്‌ അങ്ങാടി. എല്ലാം വൈ ക്കോല്‍ മേഞ്ഞ പീടികകളാണ്‌. ഓടിട്ട പീടിക ഒന്നേയുള്ളൂ. അതില്‍ കച്ചവടമില്ല. മുകളില്‍ ആരോ താമസമാണ്‌.

പീടികകളില്‍ വിളക്കു കത്താന്‍ തുടങ്ങിയിരി ക്കുന്നു. മിക്കതും മുനിയുന്ന പതിന്നാലാംനമ്പര്‍ വിളക്കുകളാണ്‌. യൂസുപ്പിന്‍റെ പീടികയില്‍ മാത്രമേ പെട്രോമാക്സ്‌ വിളക്കുള്ളൂ. അതാണ്‌ ഗ്രാമത്തിലെ വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താല്‍ പടക്കം വില്പനയ്ക്ക്‌ വെയ്ക്കാറുള്ളൂ. പുതുതായി പട്ടാമ്പിയില്‍നിന്ന്‌ ഒരു തുന്നല്‍ക്കാരന്‍ വന്നിട്ടുണ്ട്‌. കൂടല്ലൂരിലെ ആദ്യത്തെ തുന്നല്‍ക്കാരനാണ്‌. അവന്‍ മെഷീന്‍ വെച്ചു തുന്നാനിരിക്കുന്നതും യൂസുപ്പിന്‍റെ പീടികയിലാണ്‌.

യൂസുപ്പിന്‍റെ പീടികയില്‍ പോകുന്നത്‌ അപ്പുണ്ണിക്കിഷ്ടമാണ്‌. കൂട്ടത്തില്‍ തൂന്നുന്നതും കാണാമല്ലോ. സൂചി കടകടയെന്നു ശബ്ദി ച്ചുകൊണ്ടു ധൃതിയില്‍ താണുപൊങ്ങുന്നതും വര്‍ണ്ണമുള്ള തുണികള്‍ ചുരുള്‍ചുരുളായി വരു ന്നതും കാണേണ്ട ഒരു കാഴ്ചയാണ്‌.

കുറെ ദിവസമായി വിചാരിക്കുന്നു, ഇനി കൂ പ്ലായം റാവുത്തരുടെ കൈയില്‍നിന്നു വാങ്ങേ ണ്ടെന്നു അമ്മയോടു പറയാന്‍. അവന്‍റെ മൂന്നു കുപ്പായങ്ങളും റാവുത്തര്‍ വിളിച്ചുകൊണ്ടുപോ കുമ്പോള്‍ വാങ്ങിയതാണ്‌. രണ്ടെണ്ണം വലുപ്പം ജാസ്തിയാണ്‌. ഒന്നു വല്ലാതെ കുടുക്കം. തൂണി വാങ്ങി തൂന്നല്‍ക്കാരന്റെ കൈയില്‍ കൊടുക്കാം. എന്നാല്‍ പീടികയിലൂള്ളവര്‍ നോ ക്കിനില്ക്കെ അവന്‍റെ അളവെടുക്കും. ടേപ്പ്‌ വെച്ചു അളവെടുത്തു തുന്നിയാല്‍ കൃത്യമായിരി ക്കും. അതു വെട്ടുന്നതും തുന്നുന്നതുമൊക്കെ കുറച്ചൊരവകാശത്തോടെതന്നെ നോക്കിനി ലക്കാമല്ലോ.

അപ്പുണ്ണി യൂസുപ്പിന്‍റെ പീടികയില്‍ ചെന്നു കയറിയപ്പോള്‍ നല്ല തിരക്കായിരുന്നു. പണികഴിഞ്ഞു വല്ലി വാങ്ങിവരുന്ന ചെറുമികള്‍ സാമാനം വാങ്ങുന്ന സമയമാണ്‌.

‘രണ്ടുക്കാലിനു കാസര്‍ട്ട്‌.’

‘നായിപ്പ്‌.’

‘ഒരുക്കാലിനു വെത്തിലേം പൊകലേം കൂടി.’

‘ന്നെ ഒന്നു വേഗം ഒയ്വാക്കീം, മൊയ്ല്യാരേ.’

യൂസൂപ്പ്‌ പെട്ടിയുടെ മുമ്പിലിരിക്കുകയേ ഉള്ളൂ. കൊറ്റനാടിനെപ്പോലെ ചങ്കിലേയ്ക്കു വളഞ്ഞ വെള്ളത്താടിയുള്ള മുസല്യാരാണ്‌ എടുത്തുകൊടുക്കുന്നത്‌. നല്ല തിരക്കുതന്നെ. ചെറുമികള്‍ ധൃതികൂട്ടുന്നതിനിടയ്ക്ക്‌ തമ്മിൽ ത്തമ്മില്‍ ചാളയിലെ കാര്യങ്ങളും തമ്പുരാന്‍ പടിക്ക’ലെ വിശേഷങ്ങളും പറയുന്നുണ്ട്‌. തലയില്‍ രണ്ടു മുക്കാലിന്‍റെ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തതില്‍ ഒരുതുള്ളി നിലത്തു പോ യകാരണം ഒരു ചെറുപ്പക്കാരിച്ചെറുമി മുസല്യാ രെ കുറേ പ്രാകി.

തുന്നല്‍ക്കാരന്‍ യന്ത്രം പീടികയ്ക്കക ത്തേയ്ക്ക്‌ കയറ്റിയിട്ടു പോയിരിക്കുന്നു.

അപ്പുണ്ണി കോലായില്‍ ഒതുങ്ങിനിന്നു. നേരം വൈകിയല്ലോ, ഈശ്വരാ!

കൈതക്കാടുകളിലാണ്‌ മൂര്‍ഖന്‍പാന്പുകള്‍ സന്ധ്യയ്ക്ക്‌ കൂടിപാര്‍ക്കാന്‍വരുന്നത്‌.

വഴിവക്കത്തുതന്നെയാണ്‌ മന്ത്രവാദി ഏരോമ നെ ദഹിപ്പിച്ചിരിക്കുന്നത്‌.

‘രണ്ടണയ്ക്ക്‌ വെളിച്ചെണ്ണ. ‘

ചെറുമികളുടെ തിരക്കിനിടയില്‍ മുസലിയാര്‍ അതു കേട്ടില്ല.

അവര്‍ക്കിടയിലൂടെ ഒന്നു തിരക്കിക്കയറാന്‍ ഒരു ശ്രമം അവന്‍ നടത്തിനോക്കി. അയിത്തമാ വുന്നതുകൊണ്ട്‌ വിരോധമൊന്നുമില്ല. ചെന്നിട്ട്‌ ഏതായാലും കുളിക്കുന്നതാണ്‌. അവരുടെ കറുത്ത ശരീരത്തിനടുത്തെത്തുമ്പോള്‍ വിയര്‍ പ്പും മെഴുക്കും ചളിയും ചേര്‍ന്ന മനംപൂരട്ടുന്ന ഒരു മണം. അവന്‍ പിന്‍വാങ്ങി പെട്രോമാക്സി നു ചുറ്റും പൊടിപ്പാറ്റകള്‍ പാറുന്നതുനോക്കി തെല്ലിട നിന്നു.

അപ്പോഴാണ്‌ രണ്ടുപേര്‍ കയറിവന്നത്‌. വെള്ള ഷര്‍ട്ടും നരയോടിയ കുറ്റിമീശയുമുള്ള ഒരു തടിച്ച കുറിയ മനുഷ്യന്‍. മറ്റേതു തോണി ക്കടവിന്നടുത്തു കുറേക്കാലം ചായക്കച്ചവടം ചെയ്തു പൊളിഞ്ഞുപോയ പത്മനാഭന്‍ നായരാണ്‌. അപ്പൂണ്ണിക്ക്‌ അയാളെ അറിയാം. അയാളുടെ രണ്ടു മക്കള്‍ അവനെറ ക്ലാസ്സില്‍ പഠിക്കുന്നുണ്ട്‌.

അപ്പുണ്ണി കുറേക്കുടി അരുകിലേയ്ക്കു മാറി, നിരപ്പലക ചുവരിനോട്‌ ചേര്‍ത്ത്‌ അടുക്കിവെച്ചി ടടുള്ളതില്‍ ചാരി നിന്നു.

‘പൊടിപൊടിക്ക്ണ്ണ്ടല്ലോ മൊയലാളി’

തടിച്ച്‌ ഉയരംകുറഞ്ഞ വെള്ളഷര്‍ട്ടുകാരന്‍ വിളിച്ചു പറഞ്ഞു. ചെറുമികള്‍ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. മേശയ്ക്കടുത്തിരുന്നു ചില്ലറ യെണ്ണുന്ന യൂസുപ്പ ആളെ കണ്ടില്ല.

‘ആരാത്‌?’

തേക്കിലയില്‍ കൊത്തമല്ലി പൊതിയുന്ന മുസലിയാര്‍ ചുവന്ന പല്ലു മുഴുവന്‍കാട്ടി ചിരിച്ചു പറഞ്ഞു;

‘ഇദാരന്റെ റബ്ബേ ജജ്‌നീം മയ്യത്തായിട്ടി ല്ലേ പഹയാ?’

‘ഞമ്മള്‌ റെഡ്യാ, ഇസറായലിനു വേണ്ടാച്ചിട്ടാ വും, മൊയ്ല്യാരേ.’

യൂസുപ്പ്‌ എഴുന്നേറ്റു വെള്ളഷര്‍ട്ടുകാരനെ നോക്കിയപ്പോള്‍ അയാളും പറഞ്ഞു.

‘ഓൻറെ പടച്ചോനെ, ഇദാരാ?’

മുസലിയാര്‍ ചോദിച്ചു.

‘ജ്‌ ജെപ്പോഴേടോ വന്ന്‌?’ 

‘അഞ്ചരവണ്ടിക്ക്‌.’

മുസലിയാര്‍ പൊതി കെട്ടുന്നതിനിടയില്‍ പറഞ്ഞു:

‘പഹേനൊന്നു നന്നായ്ക്ക്ണൂ, ഇല്ലേ, പപ്പനാ വന്‍നായരേ?’

തിണ്ണയില്‍ ബീഡി കത്തിച്ചു വലിച്ചു ചെറു മികളെ നോക്കി ഇരിക്കുന്ന പത്മനാഭന്‍ നായര്‍ പറഞ്ഞു;

‘ഉം, അന്യനാട്ടിലെ ചോലല്ലേ?’

തിരിഞ്ഞു മുറ്റത്തേയ്ക്ക്‌ തുപ്പാന്‍ ഭാവിക്കു മ്പോഴാണ്‌ അയാള്‍ അപ്പുണ്ണിയെ കണ്ടത്‌.

‘എന്താടോ?’

ഒന്നുമുണ്ടായിട്ടല്ല. അപ്പുണ്ണിക്ക്‌ ഒരു വ്യസനം തോന്നി. കൂറേ കഴിഞ്ഞാല്‍ കരഞ്ഞേയ്ക്കുമോ എന്നൊരു ഭയം. അവന്‍ മുഖത്തു നോക്കാതെ പറഞ്ഞു:

‘വെളിച്ചെണ്ണ വാങ്ങാനാ.’

ചെറുമികളുടെ ഇടയില്‍ ഒരു പിറുപിറു പ്ലുണ്ടായി.

‘ഏതാ ഈ കൂട്ടി?’

വെള്ളഷര്‍ട്ടുകാരന്‍ പത്മനാഭന്‍നായരോട്‌ ചോദിച്ചു.

‘നമ്മുടെ കോന്തുണ്ണ്യാരുടെ മകന്‍. വടക്കേപ്പാട്ടെ-‘

അപ്പുണ്ണി മുഖമുയര്‍ത്തിയില്ല.

ചെറുമികള്‍ പെട്ടെന്നു നിശ്ശബ്ദരായി. അപ്പു ണ്ണിയൂടെ അടുത്തായി നിന്നിരുന്ന രണ്ടുപേര്‍ എന്തോ സ്വകാര്യം പറഞ്ഞു. മൂന്നില്‍ നിന്നി രൂന്നവര്‍ ഒന്നുമാറി നിന്നൂ. ഇപ്പോള്‍ മുട്ടിയു രൂമ്മാതെ മൂന്നിലെത്താം. മുസലിയാര്‍ കുപ്പി വാങ്ങി നാളംവെച്ചു ചെറിയ തവി ടിന്നില്‍ മൂക്കി രണ്ടുവട്ടം വീഴ്ത്തി; ഒരു തുള്ളി വേറെയും.

കാശു കൊടുത്തു കുപ്പി മൊളിയില ചുരുട്ടി യടച്ചു പുറത്തു കടക്കാന്‍ ഭാവിക്കുമ്പോള്‍ ആ വെള്ളഷര്‍ട്ടുകാരന്‍ ചോദിച്ചു:

‘തന്ന്യാ പോണ്‌?’

അവനോടാണെന്ന്‌ ആദ്യം ഓര്‍ത്തില്ല.

‘പൊറത്ത്‌ ഇരുട്ടണ്ടലോ, കൂട്ട?’

അപ്പോള്‍ അവന്‍ ആരും കേൾക്കാത്ത വിധ ത്തില്‍ എന്തോ പിറുപിറുത്തു. അധികാരിയു ടെ പടിക്കല്‍ പണിയെടുക്കുന്ന തള്ളച്ചെറുമി കോച്ചി വിളിച്ചു പറഞ്ഞു:

‘നിക്കീ, ചെറ്യമ്പ്രാ, തന്നെ പോണ്ടാ. അട്യേ നുംണ്ടാവയിക്ക്‌.’ 

കോച്ചി കൈതോലകൊണ്ടുണ്ടാക്കിയ,കാശും മുറുക്കാനുമിടുന്ന വട്ടിയും പീടികയില്‍ നിന്നു വാങ്ങിയ സാധനങ്ങള്‍ മുഴുവനും വലി യ മടിയില്‍വെച്ചു പിന്നാലെ ഇറങ്ങി. അടുത്ത പീടികക്കാരന്റെ ഇരട്ടച്ചിമ്മിനിയില്‍ നിന്നു ഓലച്ചൂട്ടു കുത്തിച്ചു പറഞ്ഞു: ‘നടന്നോളി, ചെറ്യമ്പ്രാ.’

അപ്പുണ്ണിയുടെ ഭയം തീര്‍ന്നു. ഇടവഴി കടക്കു മ്പോള്‍ കൈതപ്പുവിന്‍റെ നേര്‍ത്ത ഗന്ധം തങ്ങി നിലക്കുന്നുണ്ടെന്നു തോന്നി. എങ്കിലും കാല്‌ ക്കല്‍ വെളിച്ചമുണ്ട്‌.

എം. ടി. വാസുദേവൻ നായർ

വഴിക്ക്‌ അവന്‍ ചോദിച്ചു:

‘ആരാ കോച്ചേ, അത്‌?’

‘ഏത്‌, ചെറ്യമ്പ്രാ?’

‘ഈസ്പ്പന്റെ വീട്യേൽ

‘അത്‌ സെയ്താലിക്കുട്ടയയാപ്ളല്ലേ?’

‘ഏത്‌ സെയ്താലിക്കൂട്ടിയാണ്‌?’

‘മൂണ്ടാത്തായത്തെ – നാട്ടുന്നു പോയിട്ട്മ്ണി കാലായിലോ.’

സെയ്താലിക്കുട്ടി!

അവന്‍റെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ്‌ കടന്നുപോയതുപോലെ തോന്നി. തടിച്ച്‌ കുറുകിയ പരൂക്കൻകൈകൾ, ശരീരം നിറയെ രോമം, ചോര നിറമുള്ള വട്ടക്കണ്ണുകള്‍ – അതാണ്‌ സെയ്താലിക്കൂട്ടി. അവനെയാണ്‌ –

അമ്പലമുറ്റത്തു കഥകളിയുണ്ടായപ്പോള്‍ പുലര്‍ച്ചയ്ക്ക്‌ കണ്ണുതുറന്നപ്പോള്‍ കണ്ട കാഴ്ചയാണ്‌ ആദ്യം ഓര്‍മ്മ വന്നത്‌. ദുശ്ശാ സനനെറ നെഞ്ചത്തു കയറിയിരുന്നു ഭീമന്‍ വയര്‍ കീറിപ്പൊളിച്ചു കുടല്‍മാല പുൂറത്തെടു ക്കുന്നു. അതുപോലെ സെയ്താലിക്കൂട്ടിയുടെ നെഞ്ചില്‍-

പക്ഷേ അവനു ശക്തി പോരാ. വലൂതാ യിട്ടില്ല.

അപ്പുണ്ണി കിതയ്ക്കുകയായിരുന്നു.

എന്നാലും കല്ലുവെട്ടുകുഴിയുടെ വക്കിലൂടെ യോ ആനപ്പാറയുടെ താഴെയുള്ള ഇടവഴിയിലൂ ടെയോ പോകുമ്പോള്‍ ഒന്നുന്തിയാല്‍ –

ഒരു കല്ലെടുത്തു തലക്കിട്ടാല്‍-

‘ചെറ്യമ്പ്രാന്‍ ഞ്ഞി പൊക്കോളി.’

അപ്പോഴാണവന്‍ കാണുന്നത്‌: പടിക്കലെത്തി യിരിക്കുന്നു.

‘അപ്പുണ്ണ്.’

അമ്മയുടെ വിളികേട്ടു. പടിക്കല്‍ത്തന്നെ വെമ്പലോടെ അമ്മ കാത്തു നില്ക്കുകയാണ്‌.

അവന്‍ കിതച്ചുകൊണ്ട്‌ പടികടന്ന്‌ അമ്മയുടെ അടുത്തെത്തി.

‘ന്‍റെ ഗുരുകാരണോമ്മാരേ, ഞാന്‍ ഉള്ളു കത്തി നില്ക്കേര്‍ന്ന്‌.’

അവനൊന്നും മിണ്ടിയില്ല. കല്ലുവെട്ടുകൂഴിയി ലേക്ക്‌ നോക്കുമ്പോള്‍ ചതഞ്ഞ കൂറ്റിത്തലയില്‍ നിന്നൂ ചോര ഒഴുകൂകയാണ്‌….

‘എന്തേ അപ്പുണ്ണലേ ത്ര വൈക്യേ?’

‘അവിടെ വല്ലാത്ത തെരക്കായ്ര്ന്ന്‌.’

മുഷിഞ്ഞ തോര്‍ത്തുമാത്രം ചൂറ്റി കിണറ്റിന്‍ കരയിലേക്ക്‌ കുളിക്കാന്‍ പോയി; അമ്മ തലയി ല്‍ വെള്ളം കോരിയൊഴിച്ചു. ഇപ്പോഴും അമ്മയാ ണവനെ തേച്ചുകൂളിപ്പിക്കുന്നത്‌. ആദ്യം അവന്‍ തല തോര്‍ത്തും. എങ്കിലും അവസാനം തലമു ടി പിടിച്ചുനോക്കി വെള്ളം തോര്‍ന്നിട്ടില്ലെന്നു പറഞ്ഞ്‌ അമ്മ ഒന്നുകൂടി അമര്‍ത്തിത്തോര്‍ത്തും.

ഉള്ളി മൂപ്പിച്ച ചോറിനു എന്തോ വേണ്ടത്ര രൂചി തോന്നിയില്ല.

ഉമ്മറവാതിലും അടുക്കളവാതിലും അടച്ച്‌, പാത്രങ്ങള്‍ മോറിക്കമഴ്ത്തിയശേഷം അകത്താ കെയുള്ള മുറിയില്‍ അമ്മ അവന്‍റെ കോസറി വിരിച്ചു; അടുത്തുതന്നെ അമ്മയുടെ പായും.

വിളക്കണഞ്ഞ്‌ ഇരുട്ടായപ്പോള്‍ അവന്ന്‌ അകാരണമായി ഭയം തോന്നി. കുറ്റിത്തലയും ചോരനിറമുള്ള രണ്ടു കണ്ണുകളും അവന്‍ ഇരു ട്ടിൽക്കാണുന്നു.

‘അമ്മ ഒറങ്ങ്യോ?’

‘ഇല്ല. എന്തേ?’

‘ഉം ഉം’

കണ്ണിറുക്കെ ചിമ്മി അവന്‍ വേഗം ഉറക്കം വരണേ എന്നു പ്രാര്‍ത്ഥിച്ചു.

‘അമ്മേ–’

അവന്‍റെ പുറത്തൂടെ കൈയിട്ടു പിടിച്ചുപൂട്ടി ക്കൊണ്ട്‌ അമ്മ ചോദിച്ചു:

‘എന്തേടാ?’

വീണ്ടും സംശയിച്ചു. പറയണോ?

‘പിന്നേയ്‌- ഞാന്‍ സെയ്താലിക്കൂട്ടിനെ കണ്ടു.’

ഏതു സെയ്താലിക്കൂട്ടിയെ എന്ന്‌ അമ്മ ചോദിച്ചില്ല.

അവനെ ഒന്നുകൂടി അടക്കിപ്പിടിച്ച അവന്‍റെ പുറത്ത്‌ മുഖമമര്‍ത്തിക്കൊണ്ട്‌ അമ്മ പറഞ്ഞു;

‘ന്‍റെ മോനൊറങ്ങിക്കോ. 

അമ്മ ആ ചരിത്രം മകനോട്‌ പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്‌. കൊട്ടിലിലെ മൂത്താച്ചിയില്‍നിന്നു പലപ്പോഴായിട്ടാണ്‌.

അവരുടെ വളപ്പില്‍ത്തന്നെ തെക്കേഭാഗത്താ യാണ്‌ കൊട്ടില്‍. അതിലാണ്‌ മൂുത്താച്ചി പാർ ക്കുന്നത്‌. ഒഴിവുള്ളപ്പോഴെല്ലാം അവനവിടെ ചെന്നിരിക്കും.

പക്ഷേ മുത്താച്ചി എല്ലായ്പ്പോഴും അവിടെ ഉണ്ടായെന്നു വരില്ല. ചിലപ്പോള്‍ മഞ്ഞനിറത്തി ലുള്ള രോമസ്സാല്‍വയും പൂതച്ച്‌ മുത്താച്ചി രാവിലെ വടികുത്തി പുറത്തിറങ്ങും. (ആ സാൽ വ കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണത്രേ). പിന്നെ രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടങ്ങു. പതിവായി ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്‌. തേന്തേത്തില്ലത്തും, മാങ്കോത്തില്ലത്തും പോവും. രണ്ടുമൂന്നു തറവാടുകളിലും പോകാറുണ്ട്‌. അവിടെനിന്നെല്ലാം അരിയും നാളികേരവും കിട്ടും. ചോദിക്കാതെതന്നെ എല്ലാവരും കൊടുത്തു കൊള്ളണം. ഇടയ്ക്കിടെ സമാധാനി ക്കാന്‍ മുത്താച്ചി പറയും: ‘ഞാനേയ്‌ എരക്കാന്‍ നടക്കെന്നല്ല.’

കൊട്ടിലിലെ മുത്താച്ചിയെ അറിയാത്തവര്‍ കൂടല്ലൂരിലില്ല. ചെറുപ്പത്തില്‍ മൂന്നു ഭർത്താ ക്കന്മാരുണ്ടായി, പ്രസവിച്ചില്ല. ആദ്യത്തെ ഭര്‍ത്താവ്‌ മൂത്താച്ചിയെ ഉപേക്ഷിച്ചു. രണ്ടാ മത്തേയും മൂന്നാമത്തേയും ഭര്‍ത്താക്കന്മാരെ മൂത്താച്ചിയും ഉപേക്ഷിച്ചു. എഴുപതു കഴിഞ്ഞ മുത്താച്ചി ചെറിയ കൂട്ടികളുടെ കൂടെ ഇപ്പോ ഴും തിരുപ്പറക്കും, കൈകൊട്ടിക്കളിക്കും. ഭേദ പ്പെട്ട വീടുകളില്‍പോയാല്‍ ഒന്നോ രണ്ടോ ദിവസം താമസിക്കും. പോരുമ്പോള്‍ പെണ്ണു ങ്ങൾ അരി കൊടുക്കണം. ചെറുപ്പക്കാര്‍ അണ കൊടുക്കണം. അരിയോ കാശോ കിട്ടിയാല്‍ ആ വീട്ടുകാരുടെ നല്ല മനസ്സും സ്ഥിതിയുമൊക്കെ നാട്ടില്‍ മുഴുവന്‍ നടന്നുപറയും.

മൂത്താച്ചിയുടെ ‘ആയ’ കാലത്തു പ്രസവവും രോഗവുമുള്ള വീടുകളിലെല്ലാം എത്തും. നാട്ടിൽ കാണുന്ന പലരേയും പിറപ്പിച്ചെടുത്തത്‌ മുത്താ ച്ചിയാണ്‌. പലരെയും മരിപ്പിച്ചിട്ടുമുണ്ട്‌. മുത്താ ച്ചിയെ കാലന്‍ വിളിക്കുന്ന കാര്യം പറഞ്ഞാല്‍ അവര്‍ക്ക്‌ രസിക്കില്ല.

‘മുത്താച്ച്യ തെക്കേകണ്ടത്തിലേയ്ക്കെടു ക്കാന്‍ തെരക്കായി, ഇല്ലേടാ മക്കളേ’ എന്നാണ്‌ ചോദ്യം. എന്നിട്ട്‌ സ്വയം സമാധാനിക്കും: 

‘ന്‍റെ ചീട്ട്‌ അങ്ങനൊന്നും ചീന്തില്ല’

ഒരു യാത്ര കഴിഞ്ഞു തിരിച്ചെത്തിയാല്‍ അഞ്ചാറുദിവസം കൊട്ടിലില്‍ത്തന്നെ ഉണ്ടാവും. അപ്പോഴാണ്‌ അപ്പുണ്ണിക്ക്‌ രസം. കൊട്ടിലിലെ കയറ്റുകട്ടിലില്‍ ചെന്ന്‌ ഇരുന്നാല്‍മതി. യാത്ര യിക്കിടയില്‍ കിട്ടിയ ഒളോര്‍മാങ്ങ, തേന്തേത്തില്ല ത്തുനിന്നു കിട്ടിയ ചക്കപ്പപ്പടം അങ്ങനെ വല്ലതു മൊക്കെ നല്ലതുണ്ടെങ്കില്‍ അപ്പുണ്ണിക്കാണ്‌. കേള്‍ക്കാന്‍ രണ്ടു വയസ്സായ ഒരു കൂട്ടിയെ കിട്ടി യാല്‍മതി. മൂത്താച്ചിക്ക്‌ പറയാന്‍ ഒരുപിടി കാര്യ ങ്ങളുണ്ട്‌.

അച്ഛനെപ്പറ്റി കുറെയെല്ലാം അവനറിയുന്ന ത്‌ മൂത്താച്ചിയില്‍ നിന്നാണ്‌.

‘കോന്തുണ്ണി മരിക്കുമ്പോ, അപ്പോ, നീയി ത്രേയുള്ളൂ.’

എല്ലാ ആണുകൂട്ടികളേയും മുത്താച്ചി അപ്പു വെന്നാണ്‌ വിളിക്കുക; എല്ലാ പെണ്‍കുൂട്ടിക ളെയും അമ്മുവെന്നും.

അച്ഛന്‍ മരിക്കുന്ന കാലത്ത്‌ അവന്‍ മുത്താ ച്വിയുടെ ചൂണ്ടുവിരലിന്‍റെ പകുതിയേ ഉള്ളൂ!അപ്പുണ്ണിക്ക്‌ തമാശ തോന്നി.

അതൊരു സാധാരണ മരണമായിരുന്നില്ല. ആരോ വിഷംകൊടുത്തു കൊന്നതാണ്‌……

‘ഓനെപ്പോലെ സ്‌നേഹള്ള ഒരാങ്കൂട്ടി ഈ ദേശത്ത്‌ ഉണ്ടായിട്ടില്ല. ആന പിടിച്ചാല്‍ എത്താത്തതടി. എപ്പക്കണ്ടാലും മൂത്താച്ചിക്ക്‌ മൂറുക്കാന്‍ വാങ്ങാന്‍ എന്തെങ്കിലും തരും……’ എന്നിട്ടു മുത്താച്ചി നിറുത്തി അവന്‍റെ ശിരസ്സു തടവിക്കൊണ്ടുപറയും:

‘ഓളക്കതിനു ദൈവം കൊടുത്തുവെച്ചില്ല.’

അച്ഛനെപ്പറ്റി വളരെ അവ്യക്തമായേ അപ്പുണ്ണിക്കോര്‍മ്മയുള്ളൂ. എങ്കിലും അവനെ കാണുന്നവരെല്ലാം അച്ഛനെപ്പറ്റിയാണ്‌ പറയാറ്‌. നാട്ടിലൂള്ളവര്‍ക്കെല്ലാം അച്ഛന്‍ വളരെ പ്രിയപ്പെട്ട ആളായിരുന്നു. എന്തിനും കോന്തുണ്ണിനായര്‍ വേണം. കല്യാണത്തിനും പതിനാറടിയന്തിരത്തിനും പുരകെട്ടിനും എല്ലാം ശ്രമിക്കാന്‍ അച്ഛനുണ്ടാവും. പക്ഷേ അച്ഛ ന്‍റെ വീട്ടുകാര്‍ക്ക്‌ ചെറുപ്പത്തില്‍ത്തന്നെ അച്ഛനെ കണ്ടുകൂടായിരുന്നു.

‘അവന്‍ പകിടേം തിരുമ്പി നടക്കട്ടെ. തോന്ന്യാസി’ എന്നായിരുന്നുവത്രേ അച്ഛ ന്‍റെ അമ്മ പറഞ്ഞിരുന്നത്‌. അച്ഛന്‍ ഒറ്റ മകനായിരുന്നു. അച്ഛന്റെ അമ്മ മരിച്ചപ്പോള്‍ ഒറ്റത്തടിയായിരുന്നു.

കോന്തുണ്ണിനായർ പേരുകേട്ട പകിടകളിക്കാ രനായിരുന്നു.

ഓണത്തിനും വിഷുവിനും തിരുവാതിരയ്ക്കും. ഇപ്പോഴും ആൽത്തറയിൽ പകിടകളിയുണ്ടാവും.. കൂടല്ലൂർദേശക്കാരും പെരുമ്പലം ദേശക്കാരും തമ്മിലാണ് മത്സരം.

വലിയ വലിയ പകിടകളിക്കാരെല്ലാം പോയി. ഇപ്പോൾ ചില ചെറുപ്പക്കാരേ ഉള്ളു. ‘കളിയിൽ പണ്ടത്തെയത്ര വാശിയില്ല’ എന്നാണ് പഴയ ആളുകൾ പറയുന്നത്.

‘കരു’ തിരുമ്മുന്ന ശബ്ദം കേൾക്കുമ്പോൾ, ആർപ്പുവിളി മുഴങ്ങുമ്പോൾ, അച്‌ഛനെയാണ് ഓർമ്മവരിക; വേദനയെക്കാളുമേറെ അഭിമാ നമാണ് തോന്നുക.

പറഞ്ഞു പകിടയെറിഞ്ഞ് എണ്ണം വീഴ്ത്താൻ ആ നാട്ടിൽ ഒരു കളിക്കാരനേ ഉണ്ടായിട്ടുള്ളു; അതവൻറെ അച്‌ഛനാണ്.

‘എൻറെ കുട്ടരേ, ഞാൻ ൻ്റെ കണ്ണോണ്ടു കണ്ടതാണ്. പെരുമ്പലത്തുകാരായുള്ള അവസാനത്തെ വരകളിയാണ്. അപ്പുറത്തു മാരാരാ കളിക്കണ്. അവരടെ നേരുകൊമ്പു കെട്ടി മൂന്നാംകായ വീഴാന്‍പോണ നേരം. തോറ്റാല്‍ മാനം പോയി. ഇരുന്നിട്ടു ഫലംല്ല. കളിച്ചോര്‍ കളിച്ചോര്‍ മട്ത്ത്പോരാ. അപ്രം മണ്ണാന്‍ ചോപ്പനെകൊണ്ട്‌ മന്ത്രവാദം ചെയ്തിച്ചിട്ടുണ്ട്‌! പിന്ന്യല്ലേ നമ്മളറിഞ്ഞത്‌. മൂപ്പത്തിര ണ്ടെണ്ണം കളിക്കണം. നേരുകൊമ്പു കെട്ടാന്‍. അച്ചുമ്മാന്‍ പകിടെടുത്ത്‌ മാനം നോക്കി നിൽകാ. . .

‘ചതിച്ചല്ലോ തമ്പ്രാനേയ്‌’-കള്ളി പറഞ്ഞാല്‍ അച്ചുമ്മാനും ധൈര്യല്ല. ആ കയ്യീലു കെട്ടീല്ലെ ങ്കി തോറ്റതന്നെ. എന്നെ നോക്കി മൂപ്പരു പതുക്ക നെ ചോയ്ച്ചു: എന്താടാ കുട്ടാ ദേശത്തിന്റെ മാനാ പോണ്‍!

‘അച്ചുമ്മാന്‍ ന്നാലും ഉശിരാ വിടില്ല. ഏതേനന്ന്‌ പുള്ളി! തിരിഞ്ഞിട്ടു ചോയ്ക്ക്യാണ്‌ ഒറക്കെ: ‘കൂട്ടോളാരെങ്കിലുംണ്ടോ?’

അപ്പോഴാണ്‌: ‘കരുങ്ങട്ടു തന്നാട്ടെ, കാര ണോരേ’

‘നോക്കുമ്പോ കോന്തുണ്യാര്‍!’

‘തെറ്റിക്കാന്‍ മാരാരും കൂട്ടരും മണ്ണിക്കെടന്ന നാട്ടിലുള്ള ദൈവങ്ങളൊക്കെ വിളിച്ച്‌ അലവാ. ആര്‍പ്പു കൂര്വോഴീലുൂ നിന്നാ കേക്കാം. 

‘ആ ഒരുമ്പെട്ടോളെ ഞാനെന്തിനാ സേവി ക്കണ്‌? കോന്തുണ്യാരൂ നെഞ്ഞത്തടിച്ചു നാലു ചീത്ത. ആരെ? ഭഗവതീനെ. പറേമ്പോണ്റെ മേനി കോരിത്തരിക്ക്വാണ്‌. കണ്ണടച്ചുനിന്ന്‌ ഒരു നാഴിക ജപിച്ചുകൊണ്ടന്നൊരേറ്‌. പളങ്കു പളങ്കുപോലെ ഒരു പന്ത്രണ്ട്‌!

‘കണ്ണൊക്കെ അങ്ങട്ടു ചോന്നിരിക്കുന്നു. ക ണ്ടാ വെറയ്ക്കും.’

‘രണ്ടാമതും കൊണ്ടന്നെറിഞ്ഞു: പന്ത്രണ്ട ന്നെ!’

‘പിന്നെ കളിച്ചു. ഇരുമുന്നാറ്‌.’

‘കെട്ടിക്കോളിന്‍ കൊസന്ന്നും പറഞ്ഞ്‌, ഒരേറും കൊടുത്തു മൂപ്പരങ്ങടു നടന്നു. മൂപ്പരു കളത്തി ലെ പടിക്കലെത്ത്യപ്പളാ ഇവിടെ കരു നിന്നത്‌ , നോക്കുമ്പോ പകിട!

‘അങ്ങനത്തെ ഒരാങ്കൂട്ടി ഇനിണ്ടാവില്ല.’

കൂടല്ലുരെ ഇപ്പോഴത്തെ മുന്തിയ കളിക്കാരനാ യ കൂട്ടന്‍നായര്‍ പറയുകയാണ്‌.

ആ കളിക്കാരന്‍ ഇരുപത്തിയൊന്നാം വയസ്സി ലാണത്രേ കുറ്റിപ്പുറത്തും വളാഞ്ചേരിയിലും ഒക്കെ സഞ്ചരിച്ച്‌ അവിടുത്തെ പ്രഗല്ഭരായ കളിക്കാരെ കൊമ്പു കുത്തിച്ചത്‌. 

തോല്‍വിയറിയാതെ നിന്നിരുന്ന ഒരു തെക്കന്‍ മണ്ണാനുണ്ടായിരുന്നു. അയാളുടെ മണ്ടകത്തി ന്‍റെ മുമ്പില്‍വെച്ചേ കളിക്കൂ. വരുന്നോരു വരുന്നോരു തോറ്റു. അവിടേയ്ക്ക്‌ അച്‌ഛന്‍ ഓണം അവിട്ടത്തിന്‍റന്നു പുറപ്പെട്ടപ്പോള്‍ കൂടെ അപ്പുപ്പണിക്കരുണ്ടായിരുന്നു. അപ്പുപ്പണിക്കര് ഇപ്പോഴും അതു പറയാത്ത ദിവസമില്ല. കാലത്തു കളി തുടങ്ങിയിട്ടു മൂന്നാം ദിവസമാ ണ്‌ അച്ഛന്‍ കൊമ്പുകെട്ടിയത്‌. മണ്ണാന്‍ പഠിച്ച പണിയൊക്കെ നോക്കി. ചൂതു വീണു കഴി ഞ്ഞതു നാലാം ദിവസം സന്ധ്യയ്ക്കാണ്‌. പൂഴി വാരിയിട്ടാല്‍ ഉതിരാത്ത്രത ആളുകള്‍ കളികാ ണാന്‍ കൂടിയിരുന്നു. കൊമ്പത്തുനിന്ന്‌ അച്ഛ നെഴുന്നേറ്റപ്പോള്‍ തൊഴുതുകൊണ്ടു പറഞ്ഞു:

‘ഇബ്ടത്തോട്‌ അട്യേനിനി കളിക്കില്ല. ഇത ട്യേന്‍റ സന്തോഷത്തിനാ.’

നാലു റാത്തലുള്ള വെള്ളോടില്‍ വാര്‍ത്ത പകിടക്കരു അന്നു മണ്ണാന്‍ സമ്മാനിച്ചതാണ്‌. ആ കരു എറിഞ്ഞാല്‍ ഇപ്പോഴത്തെ ചെറുപ്പക്കാ രുടെ നെഞ്ചു കലങ്ങും. അതുകൊണ്ടു കളി ച്വാണ്‌ കാനോത്തുപണിക്കന്മാരെ തോല്പിച്ചത്‌. അങ്ങനെ എന്തെല്ലാം പറയുവാനുണ്ട്‌! അതെല്ലാം അവന്റെ അച്‌ഛനെപ്പറ്റിയാണ്‌.

നാട്ടിലെ ചെറുപ്പക്കാര്‍ പലരും അച്ഛന്റെ പിന്നാലെയാണ്‌ നടന്നിരുന്നത്‌. എല്ലാവര്‍ ക്കും വേണ്ടപ്പെട്ട ആളായിരുന്നു. കല്യാണത്തി നുശേഷമാണ്‌ കൂട്ടുകാര്‍ പലരും അച്ഛനെ കയ്യൊഴിച്ചത്‌. കാരണം അച്ഛന്‍ അമ്മയുടെ തറവാടിനെ അപമാനിച്ചതാണത്രേ!

വടക്കേപ്പാട്ടെ തറവാടിനെ അപമാനിച്ചതില്‍ പലര്‍ക്കും അച്ഛനോട്‌ വെറുപ്പു തോന്നിയ ത്രെ.

അച്ഛനു തറവാടിത്തം കുറയും. പണ്ട്‌, മൂ ന്നോ നാലോ തലമുറകള്‍ക്കു മുമ്പ്‌, അച്ഛന്റെ വീട്ടിലൊരു പെണ്ണു പിഴച്ചുപോയിട്ടുള്ള താണ്‌ കാരണം. പോരാത്തതിന്‌ അച്ഛന്‍ എല്ലാ ജാതിക്കാരുടെയും കൂടെ നടക്കും. മാപ്പിളയുടെ പീടികയില്‍നിന്ന്‌ പായകുടിക്കും. ചായകുടിക്കുന്നതുതന്നെ അന്നൊക്കെ തെറ്റാ ണ്‌. മാപ്പിളയുടെ ചായ ഹിന്ദുക്കള്‍ കൂടിക്കാൻ പാടില്ലല്ലോ. അപ്പോള്‍ വലിയ തെറ്റായി. പകിട കളിക്കുന്നതും വടക്കേപ്പാട്ടെ കാരണവരുടെ കണ്ണില്‍ തെറ്റായിരുന്നു. പിന്നെ, പകിട കളി ക്കാന്‍ പോവുമ്പോഴൊക്കെ അച്ഛന്‍ കള്ളു കൂടിച്ചിരുന്നുവത്രെ. അങ്ങനത്തെ ആള്‍ക്കു വട ക്കേപ്പാട്ടിലെ തറവാട്ടിലെ പെണ്ണിനെ നേരാംവഴി ക്കു കല്യാണം കഴിച്ചു കൊടുക്കില്ല.

അമ്മയുടെ മരിച്ചുപോയ ഒരാങ്ങളയുണ്ടായി രുന്നു. അയാളെ അപ്പുണ്ണി വിളിക്കേണ്ടതു മാ ധവമ്മാമ എന്നാണ്‌. മാധവമ്മാമയും കോന്തുണ്ണി നായരും ചങ്ങാതിമാരായിരുന്നു.

വലിയമ്മാമ വീട്ടിലില്ലാത്ത ദിവസം പത്തായ പ്പുരയില്‍ അന്നൊക്കെ ആളുകള്‍ പെരുമാറുക പതിവില്ല. സന്ധ്യയ്ക്ക്‌ പത്തായപ്പുരയുടെ മുക ളില്‍ മാധവമ്മാമയും അച്ഛനും സംസാരിച്ചി രുന്നു. നേരം വൈകിയതറിഞ്ഞില്ല. ഉമ്മറത്തു നിന്ന്‌ വലിയമ്മാമയുടെ ശബ്ദം കേട്ടപ്പോഴാണ്‌ ഞെട്ടിയത്‌.

‘ആരെടാ, മാധവാ, അത്‌?’

അപ്പോള്‍ അച്ഛനാണ്‌ മറുപടി പറഞ്ഞത്‌.

‘ഇതു താഴത്തേലെ കോന്തുണ്ണിയാണ്‌.’

‘അന്തികഴിഞ്ഞ നേരത്ത്‌ അന്യപുരുഷന്മാര്‍ ക്ക്‌ ഇവിടെ എന്താ കാര്യം?’

അച്ഛന്‍ വിനയത്തോടെ പറഞ്ഞു:

‘ഞാന്‍ വടക്കെ കെട്ടിലായിരുന്നില്ല. ഇവ്ട്ത്തെ ഒരാണിനോട്‌ സംസാരിക്ക്യേരന്ന്‌.’ 

വലിയമ്മാമ ചുരമാന്തിക്കൊണ്ടു നടന്നു.

‘ഉമ്മറത്തു നിന്നു സംസാരിക്ക്യാ, കാര്യം കഴി ഞ്ഞാ പോവ്വാ. അല്ലാണ്ട് വടക്കേപ്പാട്ടെ പത്താ യപ്പെരേലു കയറിയിരിക്കാൻ താലെ ആണുങ്ങൾക്കായിട്ടില്ല.’

അച്‌ഛൻ കോപമടക്കിക്കൊണ്ടു പറഞ്ഞു:

‘ഞാൻ രഹസ്യം പിടിക്കാൻ വന്നതല്ല. ഇവ്ട് ന്നു പെണ്ണു വേണമെങ്കിൽ കോന്തുണ്ണിക്ക് എടു ക്കാനും അറിയും.’

‘പ്ഫാ!’

വലിയമ്മാമ മുഖത്ത് ആട്ടി.

അച്‌ഛൻ കാർക്കിച്ചു തുപ്പി പറഞ്ഞുവത്രേ:

‘ഒരു തറവാട്ടുകാര്!’

-മുത്താച്ചിയാണ് അതു വിവരിച്ചത്.

തെക്കിനീലെ ചാരുപടിക്കു മുകളിലെ അഴി ക്കൂടിനപ്പുറം ഒരാൾ അത് നോക്കി നിന്നിരുന്നു -അമ്മ

അന്ന് അമ്മ പ്രായം തികഞ്ഞ പെൺകിടാവാൺ.

വടക്കേപ്പാട്ടെ കാരണവരുടെ ഇളയ മരുമകളാ യിരുന്നു അമ്മ. പുടമുറി പൊടിപാറിക്കഴിക്കാൻ നിശ്ചയിച്ചിരുന്നു. പന്ത്രണ്ടു നാഴിക ദൂരെ കാടും കുളങ്ങളുമുള്ള വലിയൊരു തറവാട്ടിൽ നിന്നായിരുന്നു സംബന്ധക്കാരൻ. മുറ്റം നിറച്ചു പന്തലിട്ടിരുന്നു. പൂമാൻതോടുമുതൽ കൈത ക്കാടുവരെയുള്ള നായർവീടുകളിൽ അടച്ചു ക്ഷണമുണ്ടായിരുന്നു, ദേഹണ്ഡത്തിന് കൊടി ക്കുന്നത്തുനിന്നാണ് കുട്ടിപ്പട്ടന്മാരെ വരുത്തി യത്.

പക്ഷേ ആ പുടമുറി നടന്നില്ല.

കല്യാണക്കാർ പടിക്കലെത്തിയപ്പോഴാണ് അകത്തുള്ളവർ കാര്യം മനസ്സിലാക്കിയത്. പെ ണ്ണില്ല!

‘അതെന്തേ, മുത്താച്ചി?’

അത്ഭുതം പിടഞ്ഞു കുറുകുന്ന നെഞ്ചോടെ അവൻ ചോദിച്ചു.

‘കോന്തുണ്ണി പാറുക്കുട്ടീനെ കട്ടോണ്ടോയി. അതന്നെ.’

രാവണൻ പുഷ്പകവിമാനത്തിൽ കയറ്റി സീ തയെ കട്ടുകൊണ്ടു പോയ കഥ കേട്ടിട്ടുണ്ട്. രാവണൻ ദുഷ്ട‌നായിരുന്നു. കാരണം, ശ്രീരാമ ൻറെ ഭാര്യയെ കട്ടുകൊണ്ടുപോയതു ദുഷ്ടത തന്നെയാണ്.

അർജ്ജുനൻ സുഭദ്രയെ കട്ടുകൊണ്ടുപോയ കഥയും ഓർത്തു. അർജ്‌ജുനൻ മഹാവീരനാ യിരുന്നു. വില്ലെടുത്തവരിൽ അർജ്ജുനനെ ജയിക്കാൻ കഴിയുന്നവർ ഉണ്ടായിരുന്നില്ലത്രേ. മലയാളം പാഠപുസ്‌തകത്തിൽ ആ കഥയുണ്ടാ യിരുന്നു. സന്യാസിയായി ശ്രീകൃഷ്ണൻറ വീട്ടിൽ ചെന്നു കൂടി സുഭദ്രയേയും കൊണ്ട് ഒറ്റനടത്തം. മിടുക്കൻ! എതിർത്തുവന്ന യാദവന്മാർക്കു തൊടാൻ കിട്ടിയില്ല….

സുഭദ്രയെ തേരിൽക്കയറ്റി കൊണ്ടുപോയ ഭാ ഗം വായിക്കുമ്പോൾ കുനൻചാത്തുനായരുടെ വിവരണമാണ് ഉടനെ ഓർമ്മവരിക. അതു വി വരിക്കാനുള്ള അധികാരം അയാൾക്കുമാത്രമാ ണുള്ളത്.

‘ഞാൻ കണ്ടതാ, ന്‍റെ കൂട്ടരെ അങ്ങനൊ രാൺകുട്ടി ഇനി പെറക്കില്ല.’

അയാൾ വിവരിക്കും:

‘കരിങ്കൊറയില് അന്നു മൊലയ്ക്കു വെള്ളം. തുരുതുരുന്നനെ അട്ട. അവിടെ എത്തിയ പ്പോ, ദാ ഈർക്കലക്കൊടി എട്ക്കണപോലെ ഇങ്ങനെ കൈത്തണ്ടേല്‌ത്തു പൊന്തിച്ച് ഒരു നടത്തം.’

റാന്തൽ കാണിച്ചു പിന്നാലെ നടക്കുന്ന കൂനൻ ചാത്തുനായർ ചോദിച്ചു: ‘അവരു പിന്ന് വന്നാലോ?’ 

അപ്പോൾ തിരിഞ്ഞു നിന്ന് ഒന്നു നോക്കി, എന്നിട്ടു പറഞ്ഞു: ‘ചാത്തോ, ഞാനൊരാണാ. ജനിച്ചാ ഒരിക്കലേ മരണള്ളു.’

മുത്താച്ചി കഥ പറഞ്ഞിരിക്കുമ്പോൾ, ചില പ്പോൾ തച്ചോളി ചന്തുവിനെയും കോമപ്പനെ യും ഓർമ്മ വരും. കുട്ടിക്കാലത്തു കേട്ടിട്ടുള്ള കഥകൾ, അങ്കംവെട്ടി ജയിച്ച കഥകൾ……….

‘പക്ഷേ ഓൾക്ക് ദൈവം കൊട്ത്ത് വെച്ചില്ല്യ.’ 

എം. ടി. വാസുദേവൻ നായരുടെ “നാലുകെട്ട് “നോവലിൽ നിന്ന് ഒരു ഭാഗം

Copyright rests with the rights holders

പുസ്തകം വാങ്ങാൻ: നാലുകെട്ട്

error: Feel free to share the article link. Please contact Mozhi for rights to copy any content.