

നാലുകെട്ടിലെ കഥ നടക്കുന്നത് ഏതു കാലത്താണ്?
ആ കാലത്തിൻറെ സൂചന നല്കുന്ന ചരിത്രസംഭവങ്ങളൊന്നും നാലുകെട്ടിൽ ഇല്ല. ഉള്ളത് ഒരു വലിയ പ്രകൃതിക്ഷോഭമാണ്. കഥയിലെ ഒരു വഴിത്തിരിവായ ഭാരതപ്പുഴയിലെ വെള്ളപ്പൊക്കം. പുഴ കവിഞ്ഞുയർന്ന മലവെള്ളം കൂടല്ലൂരിലെ താഴ്ന്ന നിലങ്ങളെ മുഴുവൻ മുക്കിയ ആ വെള്ളപ്പൊക്കത്തിലാണ് ശങ്കരൻ നായർ പാറുക്കുട്ടിയെ ഒരു ചെറുതോണിയിൽ കയറ്റി നിലംപൊത്താറായ വീട്ടിൽനിന്നു രക്ഷപ്പെടുത്തുന്നത്. 1942-ൽ മധ്യകേരളത്തിലുണ്ടായ കൊടുങ്കാറ്റിനെയും വെള്ളപ്പൊക്കത്തെയുമാവണം ഇതു സൂചിപ്പിക്കുന്നത്. ഈ പ്രകൃതിക്ഷോഭത്തെ ഒരാധാരബിന്ദുവായെടുത്ത് മുന്നോട്ടും പിന്നോട്ടും ഗണിച്ചാൽ നാലുകെട്ടിലെ കഥ നടക്കുന്ന കാലം തെളിഞ്ഞുവരും. ഈ വെള്ളപ്പൊക്കമുണ്ടായ 1942-ൽ അപ്പുണ്ണി എട്ടാം ക്ലാസ് ജയിച്ച് തൃത്താല ഹൈസ്കൂളിൽ ഫോർത്ത് ഫോമിൽ ചേർന്നിട്ടുണ്ട്. അന്നവന് പതിനഞ്ചു വയസ്സാണ്. എങ്കിൽ
1927ലായിരിക്കണം അപ്പുണ്ണി ജനിച്ചത്. അപ്പുണ്ണിക്കു മൂന്നുവയസ്സുള്ളപ്പോൾ, അതായത് 1930-ൽ, അച്ഛൻ കോന്തുണ്ണിനായർ കൊല്ലപ്പെടുന്നു-അവന്റെ ഭാവനയിൽ ഒരതികായന്റെ പ്രതീതികളെ സദാ നിർമിച്ചുകൊണ്ട്. 1944-ൽ സ്കൂൾ ഫൈനൽ പാസായ അപ്പുണ്ണി സെയ്താലിക്കുട്ടിയുടെ സഹായത്തോടെ വയനാട്ടിലെത്തി ഒരു തോട്ടത്തിൽ ജോലി നേടുന്നു. പിന്നീട് അഞ്ചുവർഷം നിശ്ശബ്ദമായ വയനാടൻ ജോലിക്കാലമാണ്. അതു കഴിഞ്ഞ് 1949-ൽ അയാൾ തിരിച്ചെത്തി വല്യമ്മാമയിൽ നിന്ന് നാലുകെട്ട് വിലയ്ക്കു വാങ്ങി അമ്മയെയും ശങ്കരൻ നായരെയും വിളിച്ചുകൊണ്ടു വരുമ്പോൾ നോവൽ സമാപിക്കുന്നു. 1941 മുതൽ 1949 വരെയാണ് നോവലിൽ കഥ നടക്കുന്ന കാലം; 1926 മുതൽ 1941 വരെ അതിലെ ഫ്ളാഷ്ബാക്കിന്റെ കാലവും. ചരിത്രത്തിന്റെ ദൃഷ്ടിയിൽ ഏറെ പ്രാധാന്യമുള്ള കാലമാണിത്. കേരളത്തിലും പുറത്തും സംഭവങ്ങൾക്കുമേൽ സംഭവങ്ങൾ വന്ന് ചരിത്രം ക്ഷുഭിതവേഗത്തിൽ കുതികൊള്ളുന്ന ഒരു കോളുകൊണ്ട കാലം. ലോകമഹായുദ്ധം, സ്വാതന്ത്യസമരം, സ്വാതന്ത്യലബ്ധി, കോൺഗ്രസ്, കമ്യൂണിസം എന്നിങ്ങനെ ഈ എട്ടുവർഷത്തിൻറെ ചെറുദൂരത്തിൽ നാട്ടിനിർത്തിയിട്ടുള്ള അടയാളക്കല്ലുകളുടെ പെരുപ്പം അമ്പരപ്പിക്കുന്നതാണ്. എന്നാൽ, നാലുകെട്ടിൽ ഈ സംഭവങ്ങളിലൊന്നുപോലും വെറും വാക്കായോ സൂചനയായോ ലഘുപരാമർശമായോ ഏതെങ്കിലും അപ്രധാന കഥാപാത്രത്തിൻ്റെ സംഭാഷണശകലമായോ ആരുടെയെങ്കിലും അറിവായോ കടന്നുവരുന്നില്ല. അതേസമയം കഥ നടക്കുന്ന കൂടല്ലൂർ എന്ന ദേശത്തിൻ്റെ വിശദമായ ഒരു ‘മാപ്പിങ്’ നോവലിൽ സംഭവിക്കുന്നുണ്ടുതാനും. അവിടത്തെ പുഴ, പുഴയിലെത്തുന്ന പൂമാൻതോട്, പരമ്പുകൾ, പാടങ്ങൾ, നിരത്ത്, നാട്ടുവഴികൾ, കടവ്, അങ്ങാടി, സ്കൂൾ, യജ്ഞേശ്വരം അമ്പലം, തപാലാപ്പീസ്
എന്നിവയെക്കുറിച്ച് നോവലിൽ നല്കുന്ന വിവരങ്ങൾ മാത്രം വെച്ചുകൊണ്ട് കൂടല്ലൂരിന്റെ ഒരു ഭൂപടം നിർമിക്കാം. അതുപോലെ സമ്പന്നമാണ് ആ ദേശത്തിലെ മനുഷ്യവൈവിധ്യവും. പ്രധാനികളും അപ്രധാനികളുമായി നൂറോളം മനുഷ്യർ നോവലിൽ വരുന്നുണ്ട്. 75 പേജു കഴിയുമ്പോഴേക്ക് മുപ്പത്തെട്ടു കഥാപാത്രങ്ങൾ വരും; പലരും ഏതാണ്ടു പൂർണമായ മേൽ വിലാസത്തോടുകൂടിത്തന്നെ. ഒരു കത്തിട്ടാൽ അവർക്കുതന്നെ കിട്ടും. മനുഷ്യരുടെ പേരുകൾ മാത്രമല്ല, അവരുടെ കുടുംബം, ജാതി, മതം, ജാതികൾ തമ്മിലെ അസമത്വവും അധികാരബന്ധങ്ങളും, ആൺപെൺ

ബന്ധങ്ങളുടെ വ്യവസ്ഥകൾ, ഓരോരുത്തരും മൊഴിയുന്ന ഭാഷാഭേദങ്ങൾ, അവർ കഴിക്കുന്ന ഭക്ഷണം, അവർ കളിക്കുന്ന കളികൾ, അവർ ആരാധിക്കുന്ന ദൈവങ്ങൾ, അവർ ഏർപ്പെടുന്ന സാമ്പത്തികപ്രവർത്തനങ്ങൾ- ഇങ്ങനെ കൂടല്ലൂർ എന്ന ഗ്രാമം 1927 മുതൽ 1949 വരെയുള്ള കാലത്ത് എങ്ങനെ ജീവിച്ചു എന്നതിന്റെ ചരിത്രരേഖ ഒരു ചരിത്രപുസ്തകത്തിലും കാണാത്തവിധം മൂർത്തമായി നാലുകെട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു ദേശത്തിന്റെ വിശദാംശങ്ങൾ മറ്റെങ്ങും കാണാത്ത തെളിച്ചത്തോടെ വരച്ചിടുന്ന നോവൽ ആ ദേശം അങ്ങനെ ജീവിച്ചത് ഏതു കാലത്താണ് എന്നതിന്റെ സൂചനകൾ പോലും നല്കാതെ വിടുന്നു. നാലുകെട്ടിലെ കഥ നടക്കുന്നത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് എന്നു വിചാരിക്കാൻ സഹായിക്കുന്ന രണ്ടു പരാമർശമേ നോവലിലുള്ളൂ. ഒന്ന്, അധികാരിയുടെ ഗ്രാമക്കോടതിയെപ്പറ്റിയുള്ളതാണ്. വടക്കേപ്പാട്ട് തറവാട് ഭാഗം വെക്കുമ്പോൾ അതിൽ ഇടപെടുന്ന വക്കീൽ കുമാരൻ നായർ ഈ ഗ്രാമക്കോടതിയിലെ വക്കീലാണ്. കൊളോണിയൽ ഭരണ കാലത്ത് മലബാറിൽ നിലനിന്ന ഒരു നീതിപാലനസ്ഥാപനമായിരുന്നു അധികാരിയുടെ ഗ്രാമക്കോടതി. മറ്റൊന്ന്, വയനാട്ടിൽ അപ്പുണ്ണി ഫീൽഡ് റൈട്ടറായി ജോലി ചെയ്യുന്ന തേയിലത്തോട്ടത്തിൻറെ മാനേജർ സായിപ്പാണെന്ന പരാമർശമാണ് (നീയൊക്കെ പഠിച്ച് ഇനി തുക്ക്ടി സായ്പാവാൻ പുവ്വല്ലേ എന്നു മറ്റൊരിടത്തും). കൊളോണിയൽ കാലത്തെക്കുറിച്ചുള്ള ഈ രണ്ടു പരാമർശങ്ങൾ ഒഴിച്ചാൽ നാല്പതുകളുടെ സൂചന നല്കുന്ന ഒന്നും നാലുകെട്ടിൽ ഇല്ല. ഒരു ദേശത്തിൻറെ ജീവിതചിത്രം അതിസ്പഷ്ടതയോടെ വരച്ചിടുന്ന നോവൽ ആ ദേശം ജീവിച്ച കാലഘട്ടത്തിനെ പരാമർശിക്കയേ ചെയ്യാതെ വിടുന്നു എന്നതിന്റെ അർഥം നാലുകെട്ട് ഒരു ദേശത്തിന്റെ കഥയാണ്, കാലത്തിന്റെ കഥയല്ല എന്നുകൂടിയാണ്.

എന്നാൽ ദേശജീവിതത്തെ ചൂഴുന്ന കാലഘട്ടത്തിലേക്കു നോക്കുന്നില്ല എന്നതുകൊണ്ട് ആ ദേശജീവിതത്തിൽ ചരിത്രപരമായി രൂപപ്പെട്ട മനുഷ്യബന്ധങ്ങളുടെയും അനുഭവമൂശകളുടെയും മുദ്രകൾ അതിലില്ല എന്ന് അർഥമില്ല. സാമ്പത്തികബന്ധങ്ങളിൽ വരുന്ന മാറ്റം, അത് കുടുംബ ബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാക്കുന്ന ഫലങ്ങൾ, അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതിയ വൈകാരികതകൾ എന്നിവ ചരിത്രകൃതികളിൽ കാണാത്ത വിശേഷഭാവത്തോടെ നാലുകെട്ടിൽ തെളിയുന്നു. സാഹിത്യത്തെ സംഭവങ്ങളുടെയല്ല, അനുഭവങ്ങളുടെ ചരിത്രം എന്നു വിശേഷിപ്പിക്കുകയാണെങ്കിൽ നാലുകെട്ട് നാല്പതുകളിൽ കേരളത്തിലുണ്ടായ ഒരു അനുഭവപരിണാമത്തിന്റെ സൂക്ഷ്മചരിത്രം നമുക്കു നല്കുന്നു. അതിലൊന്ന് അച്ഛൻ എന്ന വൈകാരികതയുടെ കടന്നുവരവാണ്. എൻ.എസ്. മാധവന്റെ ഒരു കഥയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്, ഒരു തലമുറക്കാലമേ ആയുള്ളൂ ഞങ്ങൾക്ക് അച്ഛനെ ലഭിച്ചിട്ട് എന്ന്. കേരളത്തിലെ മരുമക്കത്തായ നായർ സമുദായത്തിൽ (തിരുവിതാംകൂറിലെ 56 ശതമാനം കുടുംബങ്ങളും പത്തൊൻപതാം ശതകത്തിൽ മരുമക്കത്തായികളായിരുന്നു എന്ന് റോബിൻ ജെഫ്രി) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ അപ്രധാനവും പിന്നീട് ഒരൻപതു വർഷത്തിനകം പ്രബലവും ആകുന്ന വികാരമാണ് അച്ഛൻ. ചന്തുമേനോന്റെ ആദ്യകൃതിയായ ഇന്ദുലേഖയിൽ ഇന്ദുലേഖയുടെയോ മാധവന്റെയോ അച്ഛന് കാര്യമായ പ്രാധാന്യമില്ല. ശാരദയിൽ ഈ പ്രാധാന്യം കൂടുന്നുണ്ടെന്നു പറയാം. ഇടശ്ശേരിയുടെ കവിതകളിലെ ഒരു പ്രധാനമായ അസാന്നിധ്യം അച്ഛനാണ് എന്ന് ഡോ. എസ്.പി. രമേഷ് നിരീക്ഷിച്ചിട്ടുണ്ട്. നാലുകെട്ടിൻറെ ഒരു സവിശേഷത അച്ഛൻ എന്ന ബന്ധവും അതിൻറെ വൈകാരികതയും മെല്ലെമെല്ലെ ശക്തിപ്പെട്ടുവരുന്നതിൻറെ ഒരു സൂക്ഷ്മചരിത്രം അത് എഴുതുന്നു എന്നതാണ്. അച്ഛനെ മാത്രം ഉള്ളിൽ കൊണ്ടുനടക്കുന്ന അപ്പുണ്ണി എന്ന മകൻറെ കഥയാണ് നാലുകെട്ട്. നാലുകെട്ടിൽ കഥയ്ക്കു നാടകീയതയും മുറുക്കവും നല്കി അതിനെ മുന്നോട്ടു നയിക്കുന്നത് അപ്പുണ്ണിയുടെ മനസ്സ് ആന്തരവത്കരിച്ച ഈ അച്ഛനാണ്. നാലുകെട്ടിനെക്കുറിച്ചുള്ള ഒരു പ്രബലധാരണ അത് മരുമക്കത്തായം ക്ഷയിക്കുകയും മരുമക്കൾ സ്വരാജ്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു ദായമാറ്റത്തിൻറെ കഥയാണ് എന്നതാണ്. ഒ.വി. വിജയൻ നാലുകെട്ടിന് എഴുതിയ ‘നാലുകെട്ട് എന്ന നർമഭാസുരമായ പാരഡിയിൽ ഈ ധാരണ കാണാം. പണ്ടൊരുകാലത്ത് ഒരു തറവാട്ടിൽ ഗോവിന്ദമാൻ എന്നൊരു കാരണവരും കുറെ മരുമക്കളും താമസിച്ചിരുന്നു. കാലം മാറുകയായ തിനാൽ അമ്മാമനോട് മരുമക്കൾ ശാസ്ത്രത്തെച്ചൊല്ലി വാഗ്വാദത്തിൽ ഏർപ്പെടാൻ തുടങ്ങി. ചിത്രശലഭങ്ങളുടെ മേൽ ജറ്റുയന്ത്രങ്ങൾ ഘടിപ്പിച്ചാൽ അതു വ്യോമസേനയ്ക്കു സഹായകമാകുമെന്ന് മരുമകൻ. അതു തെമ്മാടിത്തമാണെന്നും ചിത്രശലഭങ്ങളെക്കൊണ്ട് ഭൂഗർഭത്തിലെ എണ്ണ വലിച്ചെടുപ്പിക്കുകയാണ് വേണ്ടതെന്നും കാരണവർ. വാഗ്വാദം മൂത്തു. മരുമകൻ തോക്കു നിറച്ച് കാരണവരെ വെടിവെച്ചു. പോലീസ് വന്നു. മാനിനെ കൊന്നാൽ കേസൊന്നുമില്ലെന്ന് പോലീസ്. ക്രമേണ മറ്റു നാലു കെട്ടുകളിലെ മരുമക്കളും വെടി പരിശീലിക്കാൻ തുടങ്ങി. അമ്മാമന്മാർ പരുങ്ങി. കിട്ടുണ്ണിമാൻ, നാരായണമാൻ, കൃഷ്ണമാൻ, പറങ്ങോടമാൻ, ഇട്ടിരാരിച്ചമാൻ, അച്ചുമാൻ തുടങ്ങി അമ്മാമന്മാരായ മാനുകളെല്ലാം ജീവഭയത്താൽ കാടുകയറി. കാട്ടിൽ ഇളംപുല്ലുകൾ തിന്ന് അവർ ജീവിച്ചു. അമ്മാമന്മാരുടെ വംശനാശത്തിന്റെ കഥയായി നാലുകെട്ടിനെ വായിക്കുന്ന ഈ നർമകഥയിൽ ഇല്ലാത്തത് അച്ഛന്മാരാണ്. യഥാർഥത്തിൽ അമ്മാമനിൽനിന്ന് മരുമകനിലേക്കുള്ള അധികാരമാറ്റത്തിലെ നടുക്കണ്ണി അച്ഛനാണ്. അച്ഛനും ആ പുതുബന്ധത്തെ ചുഴന്നുകൊണ്ട് ഉണ്ടാക്കുന്ന വികാരലോകവുമാണ് നാലുകെട്ടിന്റെ പ്രമേയം. “അച്ഛന്റെ’ ചരിത്രമാണ് നാലുകെട്ട് എഴുതുന്നതെന്നും പറയാം. അപ്പുണ്ണിയുടെ ഭാവനയിലാണ് അച്ഛനായ കോന്തുണ്ണിനായർ വളർന്നു വലുതായി തനിക്ക് അഭിമാനവും ലോകർക്കു സ്നേഹപാത്രവുമായ വീരപുരുഷനാകുന്നത്. അച്ഛൻ അമ്മയെ സാഹസികമായി കട്ടുകൊണ്ടുപോകുന്നത്, പകിടകളിയിൽ എതിരാളികളെ മുഴുവൻ തോല്പിക്കുന്നത്- ഇങ്ങനെ മറ്റുള്ളവരിൽനിന്നു ലഭിക്കുന്ന കഥാംശങ്ങൾ ചേർത്ത് അയാൾ അച്ഛനെ ഭാവനയിൽ നിർമിക്കുന്നു. ഇതു സാധിക്കുന്നത് അച്ഛൻ ജീവിച്ചിരിപ്പില്ല എന്നതുകൊണ്ടാണ്. സെയ്താലിക്കുട്ടിയുമായുള്ള പങ്കുകച്ചവടം കോന്തുണ്ണിനായരുടെ മരണത്തിൽ കലാശിക്കാതെ മുന്നോട്ടു പോയിരുന്നെങ്കിൽ അപ്പുണ്ണിയുടെ ലോകം ഒരു ഇടത്തരക്കാരന്റെ സാധാരണജീവിതമായി കാണപ്പെടാതെ പോകുമായിരുന്നു. അപ്പുണ്ണിയുടെ ഭാവനയിൽ വളർന്നു തിടംവെക്കുന്ന ഒരു പിതൃസ്വരൂപം ഒരിക്കലും നിർമിക്കപ്പെടുമായിരുന്നില്ല. മരണമാണ് ഒരാൾക്കു മറ്റുള്ളവരുടെ ഭാവനയിൽ വളരാനുള്ള സാധ്യത നല്കുന്നത്. മരിച്ച മനുഷ്യൻ നഷ്ടപ്പെട്ട പുസ്തകം പോലെയാണ്. അതിന്റെ വായനയ്ക്കു പരിധിയില്ല. ഇങ്ങനെ സ്വന്തം ഭാവനയിൽ നിർമിച്ച അച്ഛന്റെ ഇച്ഛകളെ പൂരിപ്പിക്കുവാനുള്ള ഏജൻസിയായിട്ടാണ് അപ്പുണ്ണി തന്നത്താൻ കാണുന്നത്. അങ്ങനെ അച്ഛനെ കൊന്ന സെയ്താലിക്കുട്ടിയോടുള്ള പ്രതികാരമാണ് തന്റെ ലക്ഷ്യം എന്ന് അയാൾ കുട്ടിയിലേ നിശ്ചയിക്കു ന്നു. അച്ഛൻ സ്നേഹിച്ചു വിവാഹം ചെയ്ത സ്ത്രീയുടെ കാവലാൾ എന്ന നിലയിൽ അമ്മയുടെ ഏകഭർതൃവതം ഉറപ്പാക്കേണ്ടതും തന്റെ ധർമമായി അയാൾ കാണുന്നുണ്ട്. അമ്മയുടെ ഭർതൃവ്രതനിഷ്ഠയുടെ സംരക്ഷണമാണ് അയാൾ അച്ഛന്റെ അഭാവത്തിൽ, അച്ഛനുവേണ്ടി അനുഷ്ഠിക്കുന്ന രണ്ടാമത്തെ ധർമം. എപ്പോൾ അമ്മ അതിൽനിന്നും വ്യതിചലിക്കുന്നതായി തോന്നുന്നുവോ, അപ്പോൾ അയാൾ അമ്മയെ ഉപേക്ഷിക്കുന്നു. അച്ഛന്റെ സ്ഥാനത്തേക്കു വന്ന ശങ്കരൻ നായരും അതു കൊണ്ടയാൾക്കു ശത്രുതന്നെ. നോവലിന്റെ അവസാനത്തിൽ വരുന്ന പരിണാമം അച്ഛന്റെയും അതുകൊണ്ട് തന്റെയുമായ ശത്രുക്കൾക്ക് അയാൾ മാപ്പുനല്കുന്നു എന്നതാണ്. സെയ്താലിക്കുട്ടിയെ നേരത്തേ തന്നെ കുറ്റവിമുക്തനാക്കിക്കഴിഞ്ഞ അയാൾ (“ഞാൻ ചീതെനൊക്കെ എനിക്കു കിട്ടി’ എന്ന് പക്ഷവാതം വന്നു കിടപ്പിലായ സെയ്താലിക്കുട്ടി. ദൈവം ശിക്ഷിച്ചുകഴിഞ്ഞാൽ മനുഷ്യനു മാപ്പുകൊടുക്കാമല്ലോ) സെയ്താലിക്കുട്ടിയുടെ പ്രേരണകൊണ്ടുകൂടിയാണ്, ഒരു അപരപിതൃ സ്വരൂപത്തിന്റെ സമ്മതിയോടുകൂടിയാണ് അമ്മയ്ക്കു മാപ്പുനല്കുന്നതും അവരെ കാണാനായി നാട്ടിലേക്കു വരുന്നതും. അമ്മയ്ക്കുവേണ്ടിത്തന്നെ അയാൾ ശങ്കരൻ നായർക്കും മാപ്പുനല്കുന്നു. അതേസമയം, തന്നെയും അമ്മയെയും അച്ഛനെയും നിന്ദിച്ച വല്യമ്മാമയെ അവർക്കെല്ലാംവേണ്ടി ശിക്ഷിക്കുന്നു. ഇങ്ങനെ മരിച്ചുപോയ അച്ഛൻ, മകൻറെ ഭാവനയിലും മകൻറെ പ്രവൃത്തികളിലും ജീവിക്കുന്നതിൻറെ കഥയാണ് നാലുകെട്ട്. ഇത്ര വൈകാരികതയോടെ അച്ഛൻ കടന്നുവരുന്ന നോവലുകൾ നാലുകെട്ടിനു മുൻപ് രചിക്കപ്പെട്ടിട്ടില്ല; മുപ്പതുകളിലും നാല്പതുകളിലും കേരളത്തിലെ വലിയ രണ്ടാമത്തെ സമുദായത്തിൻറെ ദായക്രമം മാറുന്നതിൻറെ വൈകാരികചരിത്രം ഇത്ര നാടകീയതയോടെ മറ്റൊരു കൃതിയിലും വന്നിട്ടുമില്ല. ‘ദാ അച്ഛൻ വരുന്നു’ എന്ന പ്രസിദ്ധമായ രവിവർമച്ചിത്രത്തിൻറെ നോവൽ പരിഭാഷയാണ് നാലുകെട്ട്.
മാപ്പും ശിക്ഷയും നല്കി പിതാവിന്റെ ഇംഗിതം പൂർത്തീകരിക്കാൻ അപ്പുണ്ണിയെ പ്രാപ്തനാക്കുന്ന ഏറ്റവും പ്രധാനമായ ഘടകം നോവലിലുണ്ട്-അപ്പുണ്ണിയുടെ പണമാണത്. വയനാടൻ തോട്ടത്തിൽ മാസം നൂറ്റിനാല്പതുറുപ്പിക ശമ്പളത്തിൽ അഞ്ചുവർഷം ജോലി

ചെയ്തതിൽനിന്നു സ്വരൂപിച്ച നാലായിരം ഉറുപ്പികകൊണ്ടാണ് അയാൾ നാലുകെട്ട് വിലയ്ക്കു വാങ്ങി അമ്മയെയും ശങ്കരൻ നായരെയും അധിവസിപ്പിക്കുന്നത്. അച്ഛൻ എന്നപോലെ നാലായിരം ഉറുപ്പികയും നാലുകെട്ടിലെ നായകനാണ്. ഇനിയും ആ നാലുകെട്ടിൽ അപ്പുണ്ണി പണം ചെലവാക്കാൻ ഉദ്ദേശിക്കുന്നു എന്ന സൂചനയും നോവലിലുണ്ട്. കാരണം, മനുഷ്യനു താമസിക്കാൻ കൊള്ളാത്ത ആ നാലുകെട്ട് പൊളിക്കാനും അവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറുവീട്, ഒരു അണുകുടുംബഭവനം വെക്കാനും അയാൾ ഏർപ്പാടു ചെയ്യുന്നുണ്ട്. അച്ഛനും അമ്മയും മകനും ചേരുന്ന അണുകുടുംബവീട് ഉയരുന്നതിന്റെ മുൻ വ്യവസ്ഥ പണമാണ് എന്നർഥം. അഥവാ അച്ഛന്റെ ചരിത്രം, കേരളത്തിലെ ഒരു സമുദായത്തിലെങ്കിലും നാണയാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടെ വരവിന്റെ കൂടി ചരിത്രമാണ്. നാലുകെട്ട് മരുമക്കത്തായത്തിൽനിന്ന് മക്കത്തായത്തിലേക്കുള്ള ദായമാറ്റത്തിന്റെ കഥ മാത്രമല്ല, ഒരു ഫ്യൂഡൽ സമൂഹം നാണയാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കു മാറുന്നതിന്റെ വൈകാരികചരിത്രം “അച്ഛനി’ലൂടെ എഴുതിയതുകൂടിയാണ്. പണം ദുർലഭവസ്തുവാകുംവിധം നാണയനിഷ്ഠമായ സമ്പദ് വ്യവസ്ഥ വന്നുകഴിഞ്ഞിട്ടില്ലാത്തതും എന്നാൽ പുറത്ത് ശക്തിപ്പെടാൻ തുടങ്ങിയ അതിന്റെ സമ്മർദം കൊണ്ട് പണം നമ്മെ ശാക്തീകരിക്കുന്ന ഏകഘടകമായി മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു കാർഷികഗ്രാമമാണ് കൂടല്ലൂർ. ഒരു ചരിത്രരേഖയാകുംവിധം ആ സമൂഹത്തിൻറെ ഘടന നോവലിൽ വിശദമായി നല്കിയിട്ടുണ്ട്. ഏറെ സവർണവും ജന്മിത്തപരവും പുരുഷമേധാവിത്വപരവുമായ സമൂഹഘടനയാണത്. മാങ്കോത്തില്ലം, തേന്തേത്തില്ലം എന്നീ നമ്പൂതിരി ഇല്ലങ്ങളും വടക്കേപ്പാട്, കുണ്ടുങ്ങൽ തുടങ്ങിയ നായർത്തറവാടുകളുമാണ് കൃഷിഭൂമിയുടെ ഉടമസ്ഥന്മാർ. മറ്റു തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ ഒരില്ലത്തെ നെല്ലുകുത്തുകാരിയായിട്ടാണ് പാറുക്കുട്ടി ജോലി ചെയ്യുന്നത്. കൂലി പണമല്ല, നെല്ലോ അരിയോ ആണ്. ഇല്ലത്തെ കൃഷിപ്പണി ചെയ്യുന്ന ചെറുമക്കൾക്കും പണമല്ല, പതമാണ് കൂലി. വടക്കേപ്പാട്ട് പാമ്പിൻതുള്ളലുണ്ടായപ്പോൾ സദ്യ കഴിഞ്ഞ് വാഴക്കുണ്ടിൽ വന്നുവീഴുന്ന എച്ചിലിലകൾക്കുവേണ്ടി ആ ചെറുമക്കുട്ടികൾ മത്സരിക്കുന്നുണ്ട്. എച്ചിലിലകൾ ചെറുമക്കുട്ടികൾക്കു മാത്രമല്ല, പാറുക്കുട്ടികൾക്കും പരിചയമുള്ളതാണ്. മനക്കൽനിന്ന് പാറുക്കുട്ടിക്ക് ഉച്ചച്ചോറു വിളമ്പുന്നത് എച്ചിലിലയിലാണ്-ദേവകി നിലയങ്ങോടിന്റെ “എച്ചിൽ’ എന്ന ലേഖനവും ഇവിടെ ഓർക്കാം. പാട്ടവ്യവസ്ഥ പുലരുന്ന നെൽക്കൃഷി നടത്തിപ്പിന്റെ ചിത്രവും നോവൽ നല്കുന്നുണ്ട്. ഏറെ നെല്ല് പാട്ടം വരാനുള്ള ഇല്ലത്ത് രണ്ടു പറകളാണ് പാറുക്കുട്ടി വാങ്ങുന്നത്. പാട്ടം അളന്നു വാങ്ങാനുള്ള വലിയ പറയും കൂലി അളന്നു കൊടുക്കാനുള്ള ചെറിയ പറയും- കള്ളപ്പറയും ചെറുനാഴിയുംതന്നെ. ഇല്ലത്തുനിന്ന് പാട്ടത്തിനു ചാർത്തിവാങ്ങിയ പറമ്പിലാണ് കോന്തുണ്ണി നായർ തനിക്കും പാറുക്കുട്ടിക്കുമായി വീടു പണിയുന്നതും അധ്വാനം കൊണ്ട് ആ പറമ്പ് പൂങ്കാവനമാക്കുന്നതും. വടക്കേപ്പാട്ട് തറവാടാകട്ടെ, കുറെ ഭൂമി പാട്ടത്തിനും കൊടുത്തിട്ടുണ്ടെങ്കിലും കുറച്ചു ഭൂമിയിൽ സ്വയം കൃഷി ചെയ്യുന്നുണ്ട്. പണ്ട് അവിടെ പടിക്കൽ പതിനായിരം വിളഞ്ഞിരുന്നു. ഇന്ന് ആ നില മാറി. എങ്കിലും തൊഴുത്തിൽ നാലേറു കന്ന് അപ്പോഴും നില്പ്പുണ്ട്. പതിനഞ്ചു മേനി വിളയുന്ന തോണിക്കടവുനിലം തറവാട്ടുവകതന്നെയാണ്. നെൽകൃഷിയെ ആശ്രയിക്കുന്ന താരതമ്യേന നിശ്ചലമായ ഈ സമ്പദ് വ്യവസ്ഥ ഇളകാൻ തുടങ്ങുന്നത് പണം എന്ന അദ്ഭുതപ്രഭാവിയുടെ രംഗപ്രവേശത്തോടുകൂടിയാണ്. പുതുപണക്കാരുടെ വീടുകൾ കൂടല്ലൂരിലും ഉയർന്നുവരുന്നതിൽ വല്യമ്മാമ അരിശപ്പെടുന്നതു കാണാം. “ഇന്ന് നാട്ടില് കാശും പണോം ആയി. ഇവിടുത്തേക്കാളും സ്വത്തുള്ളാര് ഒക്കെ നായർ സമുദായത്തിലുണ്ട്. ഈ കളപ്പുരേന്ന് നെല്ലു കോരിക്കൊണ്ടു പോയിരുന്നോരൊക്കെ ഇപ്പോ മാളിക വെച്ച് ഇരുപ്പാണ്. ഫ്യൂഡൽ കാരണവന്മാരെ അസ്വസ്ഥരാക്കിയ ഒരു പ്രധാനശക്തി അവരുടെ പ്രതാപത്തെ ഇളക്കിക്കൊണ്ട് കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ഉയർന്നുവന്ന പുതുപണമായിരുന്നു. ആവിധം പുതുതായി ഉയർന്നുവന്ന പണക്കാരുടെ കുടുംബമാണ് കുണ്ടുങ്ങൽ. വലിയ വീട്ടിലെ കാര്യസ്ഥനായി നിന്നുകൊണ്ട് ഉണ്ടാക്കിയതാണ് അവരുടെ പണം. അധികാരിയുടെ വീട്ടിലും പണമുള്ളതായി സൂചനയുണ്ട്. ഇല്ലത്തെ ഉണ്ണിനമ്പൂതിരി നൂറുറുപ്പികയുമായാണ് സ്കൂളിൽ വരുന്നത്. വടക്കേപ്പാട്ടുതറവാട്ടിൽത്തന്നെയും അപ്പുണ്ണിയുടെ വല്യമ്മ പണത്തിൻറെ വിലയറിയാനും പണം സ്വകാര്യമായി സ്വരുക്കൂട്ടാനും തുടങ്ങിയ ആളാണ്. സംബന്ധക്കാരനായിരുന്ന നമ്പൂതിരി നല്കിയ കൃഷിനിലത്തിൽനിന്നുള്ള പാട്ടനെല്ലു വിറ്റ് പണമാക്കി സൂക്ഷിക്കുന്നുണ്ട് അവർ. “ഓളുടെ കൈയിൽ പൂത്ത പണമാണ്’ എന്ന് വല്യമ്മാമ. വല്യമ്മാമ മറ്റുള്ളവരുടെ പണത്തിൽ അരിശം കൊള്ളുന്നുണ്ടെങ്കിലും, പുതിയ തലമുറയിലെ ഒരച്ഛനാകാനുള്ള ഒരുക്കമെന്നോണം വടക്കേപ്പാട്ടെ സ്വത്തുകൊണ്ട് ഭാര്യയുടെയും മക്കളുടെയും മടിശ്ശീല നിറയ്ക്കുകയാണ്. അയാളുടെ മകൾ അമ്മിണിയേടത്തിക്കു വന്ന ഭർത്താവ് കൊളംബിൽ പോയി ധാരാളം പണം സമ്പാദിച്ച മധ്യവയസ്കനാണ്. പുറത്തുനിന്നുള്ള പണം വരവുകൊണ്ട് അല്ലെങ്കിൽ അവിടവിടെയായും ചെറിയ അളവുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ നാണയവത്കരണംകൊണ്ട് കൂടല്ലൂരിലെ കാർഷികസമ്പദ് വ്യവസ്ഥ ഇളകാൻ തുടങ്ങിയ സംക്രമണ ഘട്ടത്തിലാണ് നാലുകെട്ടിലെ കഥ നടക്കുന്നത്.
പുതുതായി ഉയർന്നുവരുന്ന ഈ നാണയവത്കൃത സമ്പദ് വ്യവസ്ഥയുടെ ആഘാതം പല വിധത്തിലാണ് നാലുകെട്ടിലെ കഥാഗതിയെ മാറ്റുന്നതും കഥാപാത്രങ്ങളിൽ പ്രതിഫലിക്കുന്നതും. അത്തരമൊരു ഫലം പണത്തിന്റെ അഭാവം സൃഷ്ടിക്കുന്ന തീക്ഷ്ണമായ ഇല്ലായ്മാബോധമാണ്. വടക്കേപ്പാട്ടെ കൃഷി മുഴുവൻ നോക്കിനടത്തുകയും ചേറിലിറങ്ങി പണിയെടുക്കുകയും ചെയ്യുന്ന കുട്ടമ്മാമ, ദരിദ്രനല്ലാഞ്ഞിട്ടുപോലും ഈ ഇല്ലായ്മാബോധം കഠിനമായി അനുഭവിക്കുന്നുണ്ട്. “ഒരു കാശ് ന്റെ കയ്യോണ്ട് തൊടാൻ കിട്ടില്ല’ എന്ന് അയാൾ പറയുന്നുണ്ട്. മകൾ മാളുവിന് കാതിലേക്ക് പൊന്നിന്റെ ഒരു തരി ഉണ്ടാക്കിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനായി തട്ടാൻ കുഞ്ചുവിനു കൊടുക്കാൻ നാലണ കൈയിലില്ല. “ഓന്റെ കയ്യിൽ വല്ലതും ണ്ടാവണ്ട’ എന്ന് അമ്മമ്മ. പണംകൊണ്ടുതന്നെ നിവർത്തിക്കേണ്ട ആവശ്യങ്ങളൊന്നും ഇല്ലാതിരുന്ന പഴയ ഫ്യൂഡൽ സമൂഹത്തിൽ ആർക്കും തോന്നാതിരുന്ന ഇല്ലായ്മാബോധം, ആവിധം ആവശ്യങ്ങൾ ഉയർന്നുവരികയും അതനുസരിച്ച് പണം മേൽത്തട്ടുകാരിൽപ്പോലും ഇല്ലാതിരിക്കുകയും ചെയ്യുന്ന സംക്രമണഘട്ടങ്ങളിൽ
തീക്ഷ്ണമാകുന്നു. പണമില്ല എന്നതിന്റെ അഭിമാനക്ഷയവും അബലാവസ്ഥയും കൊണ്ടു നിറഞ്ഞതാണ് അപ്പുണ്ണിയുടെ മനസ്സ്, ‘ഇല്ലത്തെ പണിക്കാരിയുടെ മകനാണ്. വലിയ വീടില്ല. പണമില്ല.’ ഈ അപകർഷബോധംമൂലം മറ്റു കുട്ടികളിൽനിന്ന് അകന്നാണ് അപ്പുണ്ണി ജീവിക്കുന്നത്. ഓട്ടൻതുള്ളൽക്കാരനു കൊടുക്കാൻ എല്ലാവരും രണ്ടണ കൊണ്ടുവരണമെന്നു പറഞ്ഞപ്പോൾ, ആ രണ്ടണയില്ലാത്തതു കൊണ്ട് അവൻ സ്കൂളിൽനിന്നുതന്നെ നേരത്തേ പോരുന്നു. ഉച്ചയ്ക്കു ചോറു കൊണ്ടുവരാൻ അവനൊരു പിച്ചളപ്പാത്രം വാങ്ങിക്കൊടുക്കാൻ വേണ്ട അഞ്ചുറുപ്പിക അമ്മയ്ക്ക് ഉണ്ടാക്കാൻ ആവുന്നില്ല. ഫൈനൽ പരീക്ഷയ്ക്കു ഫീസടയ്ക്കാൻ നട്ടംതിരിയുമ്പോൾ, തനിക്കു ലഭിച്ച സ്കോളർഷിപ്പ് കുടിശ്ശികയിൽനിന്ന് കടം വാങ്ങിയ കുട്ടമ്മാമപോലും പണം തിരിച്ചുതന്നു സഹായിക്കുന്നില്ല. സഹപാഠിയായ ഉണ്ണിനമ്പൂരിയാകട്ടെ, തൻറെ കൈയിൽ പണമുണ്ടെന്നും, അതു തരാൻ തത്കാലം പറ്റില്ലെന്നും പറയുന്നു. റെയിൽവേ ക്ലാർക്കിന്റെ ജോലിക്കപേക്ഷിക്കാൻ അപ്പുണ്ണിക്കു കഴിയാതെപോയത് അതിനുള്ള ഒന്നര ഉറുപ്പിക ഇല്ലാതിരുന്നതുകൊണ്ടാണ്. ഒടുക്കം വയനാട്ടിൽ ഒരു ജോലി കിട്ടാം എന്നു വന്നപ്പോൾ അതിനുള്ള വഴിച്ചെലവും അപ്പുണ്ണിയുടെ കൈയിലില്ല. കടം വാങ്ങിയ പതിനഞ്ചുറുപ്പിക കൊടുത്ത് രാമകൃഷ്ണൻ മാസ്റ്റർ ആണ് അപ്പുണ്ണിയെ തുണയ്ക്കുന്നത്. ചെറിയചെറിയ തുകകൾ, രണ്ടണകൾ, നാലണകൾ, അഞ്ചുറുപ്പികകൾ, നാലുറുപ്പിക പതിനഞ്ചണകൾ, പതിനഞ്ചുറുപ്പികകൾ ഇവകൊണ്ടാണ് നാലുകെട്ടിൽ കഥയുടെ മിക്ക വഴിത്തിരിവുകളും ഉണ്ടാവുന്നത്. വയനാട്ടിലേക്കു പോകാനുള്ള പതിനഞ്ചുറുപ്പിക കിട്ടിയിരുന്നില്ലെങ്കിൽ, പരീക്ഷാഫീസടയ്ക്കാനുള്ള പതിനഞ്ചുറുപ്പിക അവസാനനിമിഷം ആരുമറിയാതെ അമ്മ തന്നിരുന്നില്ലെങ്കിൽ, സ്കൂളിൽ ചേരാനുള്ള അഞ്ചുറുപ്പിക ശങ്കരൻ നായർ കൊടുത്തിരുന്നില്ലെങ്കിൽ, മാസം ആറുറുപ്പിക സ്കോളർഷിപ്പ് കിട്ടിയിരുന്നില്ലെങ്കിൽ ഒക്കെ നാലു കെട്ടിലെ കഥയുടെ ഗതി മറ്റൊന്നാവുമായിരുന്നു. എന്തിന്, അപ്പുണ്ണിയുടെ അച്ഛൻ കോന്തുണ്ണിനായർ ഏതു കണ്ണുപൊട്ടനും ആയിരം ഉറുപ്പിക വില പറയുന്നവൻ തോട്ടമല്ല വെച്ചുപിടിപ്പിച്ചതെങ്കിൽ നാലുകെട്ട് തിരുത്തിയെഴുതേണ്ടിവരുമായിരുന്നു. ഒരുപക്ഷേ, കോന്തുണ്ണിനായരുടെ കൊലയിലേക്കു നയിച്ച ഈ ആയിരം ഉറുപ്പികയാവാം നാലുകെട്ടിലെ കഥാഗതിയെ നിർണയിച്ച ഏറ്റവും പ്രധാനപ്പെട്ട തുക. ആയിരം ഉറുപ്പികകൊണ്ട് ഗതിമാറിയ നാലുകെട്ടിലെ കഥയെ, അഥവാ തന്റെ കഥയെ നാലായിരം ഉറുപ്പികകൊണ്ട് അപ്പുണ്ണി പുനഃസ്ഥാപിക്കുന്നു എന്നും പറയാം. അങ്ങനെ നോക്കുമ്പോൾ, നാലണമുതൽ നാലായിരം ഉറുപ്പിക വരെയുള്ള പലതരം തുകകളുടെ ആകത്തുകയാണ് നാലുകെട്ട്. പണം’ ഒരു ഉപപ്രമേയമായല്ല, നോവലിൻറെ വൈകാരികഘടനയെ ആകമാനം സ്വാധീനിച്ച മൂലഘടകമായാണ് നാലുകെട്ടിൽ പ്രവർത്തിക്കുന്നത്.

എവിടെ നിന്നാണ് നാലുകെട്ട് വാങ്ങാനുള്ള നാലായിരം ഉറുപ്പികയുടെ വൻ പണം അപ്പുണ്ണി സംഭരിക്കുന്നത്? വയനാട്ടിലെ ചായത്തോട്ടത്തിലെ ഫീൽഡ് റൈട്ടർ ഉദ്യോഗത്തിൽനിന്നു കിട്ടുന്ന ശമ്പളംകൊണ്ട് എന്നാണ് ഉത്തരം, മാസം നൂറ്റിനാല്പതുറുപ്പികയും അഞ്ചുമാസത്തെ ബോണസും അടങ്ങിയതാണ് ഈ ശമ്പളം. നാല്പതുറുപ്പിക കൊണ്ട് ചെലവു കഴിയും, മാസം നൂറുറുപ്പിക മിച്ചം വെക്കാം എന്നും സൂചനയുണ്ട്. കൂടല്ലൂരിലെ ശമ്പളക്കാരനായ, ഒരുപക്ഷേ ഏകശമ്പളക്കാരനായ, രാമകൃഷ്ണൻ മാസ്റ്റർക്കു സ്വപ്നംകാണാൻ കഴിയാത്തതാണ് ഈ വരുമാനം. സായ്പിന്റെ തോട്ടങ്ങൾപോലുള്ള വലിയ കാർഷികമുതലാളിത്ത കമ്പനികളിൽ മാത്രം ലഭ്യമാകുന്നതാണ് നാല്പതുകളിൽ ഈ വൻ വേതനം. കേരളത്തിൽ പണാധിഷ്ഠിതമായ ഒരു മുതലാളിത്ത സമ്പദ്വ്യവസ്ഥ ആദ്യം വരുന്നത് കൂടല്ലൂർ പോലുള്ള നെൽക്കൃഷിസ്ഥലങ്ങളിലല്ല, വയനാടും ഹൈറേഞ്ചും പോലുള്ള മലവാരങ്ങളിലെ തോട്ടങ്ങളിലാണ് എന്ന് കേരളത്തിന്റെ ആധുനികീകരണം എന്ന പുസ്തകത്തിൽ ഡോ. പി.കെ.മൈക്കിൾ തരകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. പത്തൊൻപതാം ശതകത്തിന്റെ അവസാനവും ഇരുപതാം ശതകത്തിന്റെ ആദ്യവുമായി യൂറോപ്യന്മാർ പശ്ചിമഘട്ടത്തിലെ വനങ്ങളിൽ ഉണ്ടാക്കിയ വൻ പ്ലാന്റേഷനുകളിൽ നിന്നൊഴുകിയ പണമാണ് ശമ്പളപ്പണമായി, ബാങ്ക് മൂലധനമായി, കമ്പനികളുടെ മുടക്കുമുതലായി താഴോട്ടൊഴുകിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അങ്ങനെ നാണ്യം വിളയുന്ന ഒരു തോട്ടമാണ് അപ്പുണ്ണിയെ കൂടല്ലൂരിലെ ഫ്യൂഡൽ ഇല്ലായ്മയിൽനിന്നു കരകയറ്റിയത്. അപ്പുണ്ണി ചെന്നെത്തുന്ന ഈ വയനാടൻ തോട്ടത്തോടോ അതിൽനിന്നുദ്ഭവിക്കുന്ന പണത്തോടോ ഒരു താരതമ്യവും ഇല്ലെങ്കിലും നാണ്യവിളയുടെ ബിന്ദുക്കളായ ചെറുതോട്ടങ്ങൾ നാലുകെട്ടിൽ പലയിടത്തായി വരുന്നുണ്ട്. അതിലൊന്ന്, ചെറിയ തുകകൾക്കായി ശങ്കരൻ നായർ നട്ടുനനച്ചുണ്ടാക്കുന്ന നേന്ത്രവാഴത്തോട്ടമാണ്. എന്നാൽ അതേക്കാൾ എത്രയോ വലുതും പ്രധാനവുമാണ്, കഥയുടെ ഗതിമാറ്റം കുറിച്ചുകൊണ്ട് കോന്തുണ്ണിനായർ സെയ്താലിക്കുട്ടിയുമായി ചേർന്ന് പുഴക്കരയിൽ കൊള്ളി കുത്തിയുണ്ടാക്കുന്ന വൻതോട്ടം. 1930-ൽ ആയിരം ഉറുപ്പിക വില കിട്ടുന്നതാണ് ആ തോട്ടം. ആ തോട്ടംകൃഷിയിൽ സെയ്താലിക്കുട്ടിയുടെ ചതിയിൽ മരിച്ച ആളാണ് കോന്തുണ്ണി നായര്-തോട്ടംകൃഷിയുടെ ഒരു രക്തസാക്ഷി. ആ രക്തസാക്ഷിയുടെ മകനായ അപ്പുണ്ണിയാകട്ടെ, അച്ഛന്റെ നിറവേറാത്ത ആഗ്രഹത്തെ സ്വന്തം ജീവിതംകൊണ്ട് നിറവേറ്റുന്നു. അച്ഛനു സ്വപ്നം കാണാൻ കഴിയാതിരുന്ന അളവിൽ, അച്ഛന്റെ പകിടക്കുരുവിൽ ഒരിക്കലും വീഴാതിരുന്ന പെരുപ്പത്തിൽ, ആയിരം ഉറുപ്പികയുടെ പല ഇരട്ടികളിൽ, പണം വിളയുന്ന വൻതോട്ടത്തിൽനിന്ന് അയാൾ ഫലം വിളയിച്ചെടുക്കുന്നു. അച്ഛൻ നട്ടതും നഷ്ടപ്പെട്ടതുമായ തോട്ടത്തെ അതിലും വലിയ തോട്ടംകൊണ്ട് വീണ്ടെടുത്ത് അച്ഛന്റെ ദൗത്യത്തെ മകൻ നിറവേറ്റുന്നു. അച്ഛൻ, പണം, തോട്ടം- ഈ മൂന്നു പ്രമേയങ്ങളാണ് അങ്ങനെ നാലു കെട്ടിനെ താങ്ങിനിർത്തുന്ന മൂന്നു തൂണുകൾ. ഇതിനോട് മകൻ എന്ന നാലാമത്തെ തൂണും ചേരുമ്പോൾ നാലുകെട്ടിന്റെ ചതുരശ്രഘടന പൂർത്തിയാവുന്നു. മരുമക്കത്തായത്തെ ശിഥിലമാക്കിയുയർന്ന പിതൃപ്രധാനമായ കുടുംബവ്യവസ്ഥ, അതിനെ സാധ്യമാക്കിയ പണപ്രധാനമായ സമ്പദ് വ്യവസ്ഥ, ആ പണത്തെ സൃഷ്ടിച്ചു പ്രസരിപ്പിച്ച തോട്ടങ്ങളുടെ വളർച്ച-കേരളചരിത്രത്തിൽ നാല്പതുകളിൽ സംഭവിച്ച ഈ വലിയ പരിവർത്തനത്തെ മരിച്ചുപോയ അച്ഛന്റെയും ആ അച്ഛനെ ഓർമയിലും പ്രവൃത്തിയിലും പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മകന്റെയും കഥയായി പിടിച്ചെടുക്കുന്നു എന്നതാണ് നാലുകെട്ടിന്റെ സവിശേഷത. നാലുകെട്ടിലെ ഈ ചരിത്രാംശം അതിൽ കാണുന്ന കൂടല്ലൂർ എന്ന ദേശത്തിന്റെ ലാന്ഡ്സ്കേപ്പില്ത്തന്നെ മുദ്രിതമായിട്ടുണ്ട് എന്നും പറയാം. ആദ്യം നാലുകെട്ട്, അതുകഴിഞ്ഞ് നെൽപ്പാടങ്ങൾ, പാടത്തിന്റെ ഓരത്തു പുഴ, പുഴയിൽ കടവ്, കടവിനക്കരെ തീവണ്ടിസ്റ്റേഷൻ, സ്റ്റേഷനിൽനിന്നു നീണ്ടു പോകുന്നതോ ഫ്യൂഡൽ ഇല്ലായ്മയിൽ നിന്ന് നമ്മെ കരകയറ്റുമെന്നു കരുതുന്ന സ്വാതന്ത്ര്യ ധനാഭിമാനങ്ങളുടെ വിളനിലങ്ങളിലേക്കു നീളുന്ന പാളങ്ങളും. നാലുകെട്ടിലെ ചരിത്രഖണ്ഡത്തെ ഒരു പ്രതിരൂപംപോലെ പ്രതിഫലിപ്പിക്കുന്നു ഈ ദേശചിത്രം. ഭാവിയിൽ പടിയിറങ്ങി, പാടം താണ്ടി, കടവു കടന്ന്, തീവണ്ടി കയറി, അറിയാത്ത നഗരങ്ങളിലേക്കു കുതിക്കാനിരിക്കുന്ന എത്രയോ പുരുഷപ്രയാണങ്ങളുടെ മാർഗരേഖകൂടിയാകുന്നു ചരിത്രമുദ്രിതമായ ഈ ദേശഭൂപടം. നാലുകെട്ടിൽ ചരിത്രസംഭവങ്ങൾ ഒന്നുംതന്നെയില്ല. എങ്കിലും വൈകാരികതകളെ നിർമിച്ച മൂശകളായി, മനുഷ്യബന്ധങ്ങളിൽ അവശേഷിപ്പിച്ച അടയാളങ്ങളായി ദേശചിത്രങ്ങളിൽ പാറ്റേണുകളായി അത് സാന്നിധ്യമറിയിക്കുന്നുണ്ട്. പാടുവീണ ദേശത്തിന്റെ ദ്വിമാനതയിൽ ആലേഖനം ചെയ്ത കാലമുദ്രകളായി ചിലപ്പോൾ ചരിത്രം പ്രത്യക്ഷപ്പെടാം, സാഹിത്യകൃതികളിലെങ്കിലും. അതാണ് നാലുകെട്ട്.

Republished with permission from the author K.C. Narayanan.
എം.ഡി. വാസുദേവൻ നായരുടെ “നാലുക്കെട്ട്” കുറിച്ച് കെ.സി. നാരായണന്റെ ലേഖനം