മലയാളിയുടെ രാത്രികൾ

കെ.സി. നാരായണന്റെ ലേഖനം

Read in : English Read in : Tamil

ശിഥിലരൂപിയായ ഒരു കലയാണെങ്കിലും കഥകളിയുടെ ഏതോ ഒരു ഭംഗി നമ്മെ വീണ്ടും വീണ്ടും അതു കാണാൻ ക്ഷണിക്കുന്നുണ്ട്. ഒരു പക്ഷേ, അതിലെ ചിത്രശില്പത്തിൻ്റെ ചാരുതയായിരിക്കാം, അല്ലെങ്കിൽ അതിലെ നൃത്യകലയുടെ ചടുലതയായിരിക്കാം ഈ ക്ഷണത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. കഥകളി പല നിലയ്ക്കും കാണാവുന്ന ഒരു കലയാണ്. അതിലൊന്ന് അതിനെ ഒരു ചിത്രമോ ശില്പമോ ആയി കാണലാണ്. ചിത്രവും ശില്പവും ഒന്നിച്ചു കാണുന്നു എന്നാവും പറയേണ്ടത്. മനുഷ്യനാണ് ഇവിടെ ചുമരും കല്ലും. വലിയ കിരീടം, ചുട്ടി, ഉടുത്തുകെട്ട്, പുതപ്പുകുപ്പായം എന്നിവയാൽ മനുഷ്യ ശരീരത്തെ പെരുപ്പിച്ചു പെരുപ്പിച്ച് ഒരു വലിയ മൂർത്തിയാക്കി മാറ്റിയിരിക്കുന്നു ഈ കല. കിരീടം വൃത്തത്തിൽ, അതിനു താഴെ ചുട്ടി കുത്തിയ മുഖം വൃത്തത്തിൽ, ഉരസ്സും കൈകളും ചേന്ന് അർദ്ധ വൃത്തത്തിൽ, താഴെ ഉടുത്തുകെട്ടിൻ്റേതായ വേറൊരു അർദ്ധവൃത്തവും -നേർവരകൾ ഏതുമില്ലാത്ത ഒരു ‘വൃത്തശില്പ’മാണ് ഓരോ കഥകളിവേഷവും. ഈ ശില്പവിഗ്രഹത്തിന്മേലാണ് ചായവും ചമയവും ഉപയോഗിച്ചുള്ള ചിത്രകല. മുഖത്തേപ്പിൻറെ പച്ച, കണ്ണിൻറെയും കുപ്പായത്തിൻറെയും ചുവപ്പ്, ആഭരണങ്ങളുടെയും കടകകോടീരങ്ങളുടെയും സൗവർണ്ണം, കിരീടമൂലത്തിൽനിന്നുത്ഭവിച്ച് പുറവടിവു മുഴുവൻ മൂടി രാത്രിയുടെ കറുപ്പിൽ ലയിക്കുന്ന വാർമുടിയുടെ ഇരുട്ട്-ഇവയെല്ലാം നിലവിളക്കിൻറെ ഇളകുന്ന വെളിച്ചത്തിൽ ഉലഞ്ഞുണ്ടാവുന്ന സ്വപ്‌നസന്നിഭത്വമാണ് കഥകളിയിലെ ചിത്രകല. ചിത്രമായും പ്രതിമയായും മാറിമാറി കാണാവുന്ന ഈ വേഷങ്ങൾ ചിലപ്പോൾ വിഗ്രഹമായി ഇളകാതെ നിൽക്കുകയും മറ്റുചിലപ്പോൾ മനുഷ്യനായി ഇളകിയാടുകയും ചെയ്യുന്നു. ആടുന്ന വേഷങ്ങളെ പ്രതിമകളാക്കി ഉറപ്പിക്കുകയും ഉറച്ചുപോയ പ്രതിമകളെ ആട്ടവും ചലനവുമായി മോചിപ്പിക്കുകയും ചെയ്യലാണ് കഥകളിയിലെ നൃത്യകല എന്നും പറയാവുന്നതാണ്.

കുഞ്ഞിരാമൻ നായർ

നശ്വരതയുടെ ഒരംശംകൂടിയുണ്ട് കഥകളിയിൽ. കല്ലിൽ പണിത വിഗ്രഹങ്ങളും ചുമരിൽ വരച്ചിട്ട ചിത്രങ്ങളും കാലങ്ങളോളം മായാതെയും മറയാതെയും നിൽക്കുന്നു. എന്നാൽ മനുഷ്യശരീരത്തിൽ വാർത്ത ഈ മോഹനവർണ്ണശില്പങ്ങൾ ആ രാത്രി പൊലിയുമ്പോഴേക്ക് അഴിഞ്ഞില്ലാതാവുന്നു. നശ്വരതയുടെ ശില്പവും ചിത്രവുമാണ് അത്. ഇരുട്ടും വെളിച്ചവും ചേർന്ന മായികമായ രംഗപശ്ചാത്തലമാകട്ടെ ഈ നശ്വരതയ്ക്ക് മാറ്റുകൂട്ടുകയും ചെയ്യുന്നു. വർണ്ണങ്ങൾ പലതുണ്ടെങ്കിലും കഥകളിയിലെ ഏറ്റവും പ്രധാനപ്പെട്ട വർണ്ണം കറുപ്പാണ്, രാത്രിയാണ് എന്നു പറയാം. ഇരുട്ടിൻറെ സാന്ദ്രമായ പശ്ചാത്തലത്തിൽ മാത്രം തെളിഞ്ഞുവരുന്നതാണ് അതിൻറെ ചിത്രശില്പം. പകലിന്റെയും യാഥാർത്ഥ്യത്തിൻറെയും പ്രകാശം വീഴുമ്പോൾ അത് വിളറിവെളുത്ത് നിറംകെട്ടുപോവുന്നു. ചുറ്റും പരന്നുകിടക്കുന്ന ഇരുട്ടിൻറെ കടലിലേക്ക് ഏതുനിമിഷവും അലിയാനുഴറിനില്ക്കുന്ന ഒരു വെളിച്ചത്തുരുത്തിൽ, പാതിമയക്കംവീണ പാതിരാക്കണ്ണുകൾക്കു മുൻപിൽ കാണപ്പെടുന്ന കഥകളിദൃശ്യത്തിന് ഒരു സ്വപ്‌നത്തിൻറെ എല്ലാ ക്ഷണികമാസ്മര സൗന്ദര്യവും ഉണ്ട്. രാത്രിയുടെ ഏതോ അണിയറയിൽനിന്നു രൂപം ധരിച്ച, ക്ഷണികമായ ഒരസ്‌തിത്വം നമ്മുടെ മുൻപിൽ പൂർത്തിയാക്കി വീണ്ടും അതേ അണിയറയിലേക്കുതന്നെ തിരിച്ചുപോകുന്ന സ്വപ്നത്തിൻറെ ഒരു നാടകം. മൂർത്തമായ ഒരു കിനാവ് നമ്മുടെ മുൻപിൽ ആടിത്തീരുകയാണ്. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം സ്വപ്നാനുഭൂതികളുടെ നിർവാണനിശകളിലൂടെ അലഞ്ഞുനടന്ന കുഞ്ഞിരാമൻ നായർ ഈ കിനാവിൻറെ മുൻപിൽ ഏറെനേരം നിന്നുപോയത്. കുഞ്ഞിരാമൻനായരുടെ കവിതകളിൽ കഥകളി ഒരു വലിയ അനുഭവമാണ്. തേജോമയമായ ഒരു ലോകത്തിൻറെ മുദ്രകളായി കഥകളിയോടു ബന്ധപ്പെട്ട കല്പനകൾ ‘കളിയച്ഛ’നെഴുതിയ അദ്ദേഹത്തിന്റെ കൃതികളിൽ ചിതറിക്കിടക്കുന്നു. പാട്ടുകഴിഞ്ഞ ഗായകൻ വെച്ച ചേങ്ങിലപോലുള്ള വിണ്ടലവും, ഹരിതകാനനങ്ങൾ പച്ചകുത്തിയ വൻവേഷങ്ങളും, ചുട്ടിക്കുകിടക്കുന്ന വടമലയും, വേഷമഴിച്ചുവെച്ച മഹാനടനും, ഉണരുമ്പഴേക്കും നഷ്ടപ്പെടുന്ന ഉത്സവക്കളിയും ചില ഉദാഹരണങ്ങൾ മാത്രം. മുഴുവൻ പിടികിട്ടാത്ത രഹസ്യമായി, പാതി മോഹിപ്പിക്കുകയും പാതി ബോധിപ്പിക്കുകയും ചെയ്യുന്ന ഈ മൗനലീല പി. വീണ്ടും വീണ്ടും കാണുന്നു. ഒരുപക്ഷേ, വള്ളത്തോൾ മാത്രമായിരിക്കും ഈ കലയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും അതിന്റെ ഒരൊറ്റ കല്പനപോലും സ്വന്തം കവിതയിൽ ഉപയോഗിക്കാത്ത ഒരു കവി. വള്ളത്തോളിന്റെ കവിതകൾ മാത്രം വായിച്ചാൽ, ഈ കവിക്ക് കഥകളിയും ഒരു അനുഭവമായിരുന്നു എന്നു തെളിയിക്കുന്ന ഒരൊറ്റ വരിയും കണ്ടുകിട്ടുകയില്ല. കളി കാണാൻ ജീവിച്ച വള്ളത്തോളും കവിതയെഴുതാൻ ജീവിച്ച വള്ളത്തോളും ഇരുട്ടും പകലുംപോലെ വേർതിരിഞ്ഞു നിൽക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ജീവിതം മുഴുവൻ അരങ്ങത്തിരുന്നിട്ടും വള്ളത്തോളിൻറെ കവിതയിലേക്ക് ഒരു പീലിക്കിരീടം കടന്നു വരാത്തത് എന്തുകൊണ്ടാണ്? സ്വപ്‌നദൃക്കുകൾ മാത്രമേ ജീവിതത്തിൻറെ ഈ നിശാസൗന്ദര്യം കാണുകയുള്ളൂ എന്നാണോ? സാഹിത്യവിമർശനത്തിലെ കൗതുകം കലർന്ന ചോദ്യങ്ങളായിരിക്കും അവ.

ശില്പവും ചിത്രവും വിട്ട് നമുക്ക് കഥകളിയിലെ കഥാപാത്രങ്ങളിലേക്കു വരിക. അങ്ങനെ വരുമ്പോൾ, പെട്ടെന്നു നമ്മുടെ ശ്രദ്ധപിടിച്ചു പറ്റുന്ന ഒരു ദൃശ്യമുണ്ട്. പ്രതിനായകരായ കത്തിവേഷങ്ങൾ അരങ്ങത്തുവരുന്ന തിരനോട്ടമാണ് അത്. ഉയർത്തിപ്പിടിച്ച മേലാപ്പിനുതാഴെ, വെള്ളിനഖമിട്ട വിരലുകളാൽ താഴ്ത്തപ്പെടുന്ന തിരശ്ശീലയ്ക്കു പിന്നിൽ, ശംഖനാദത്തിന്റെയും ഘനമേറിയ വാദ്യമേളത്തിൻറെയും അകമ്പടിയോടെ, ആലവട്ടം വിടർത്തി ഉദിച്ചുയർന്നുനില്ക്കുന്ന ഈ കത്തിവേഷത്തിൻറെ തിരനോട്ട ദൃശ്യം രാജസമായ ഒരു നിറവുള്ളതാണ്. കഥകളിയിലെ പ്രൗഢിയേറിയ മനോഹരസന്ദർഭങ്ങളിലൊന്നും അതാണ്. എന്നാൽ മംഗളസൂചകമായ മേലാപ്പും ശംഖനാദവും ആലവട്ടവുംപോലുള്ള ചിഹ്നങ്ങൾ നിറഞ്ഞ ഈ തിരനോട്ടച്ചടങ്ങ്, മംഗളാത്മാക്കളായ വേഷങ്ങൾക്കല്ല നീക്കിവെച്ചിട്ടുള്ളത്. പകരം തികഞ്ഞ വില്ലന്മാരായ കഥാപാത്രങ്ങൾക്കാണ്. രാമനും കൃഷ്‌ണനും ധർമ്മപുത്രനും അർജ്ജുനനും ഭീമനും വെറുതെ അരങ്ങത്തേക്കു കടന്നുവരുമ്പോൾ, രാവണനും ദുര്യോധനനും കീചകനും നരകാസുരനും ഏതാണ്ടു കാൽമണിക്കൂർ നീണ്ടുനില്ക്കുന്ന പ്രൗഢമായ തിരനോട്ടത്തിനുശേഷം മാത്രം പ്രവേശിക്കുന്നു. ധർമ്മിഷ്ഠരായ വിശിഷ്ടനായകന്മാർ ശ്രദ്ധിക്കപ്പെടാതിരിക്കുകയും വില്ലന്മാരായ പ്രതിനായകന്മാർ അസാധാരണമായി മാനിക്കപ്പെടുകയും ചെയ്യുന്ന വിചിത്രമായ ഒരു നിലയാണ് കഥകളിയിൽ ഉള്ളത്. കഥകളിയെ സംബന്ധിച്ച് സാമാന്യമായി നിലനിന്നുവരുന്ന ഒട്ടേറെ ധാരണകൾക്ക് കടകവിരുദ്ധമാണ് ഇത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗവും ബ്രാഹ്മണമേധാവിത്വത്തിന്റെ സന്ദേശം കലർന്നതും എന്നു കരുതപ്പെടുന്ന ഒരു ദേവകഥാ നൃത്യകലയിൽ, എങ്ങനെ ആസുര പ്രകൃതികൾക്ക് ഈ മട്ടിൽ ഒരു പ്രാധാന്യം ലഭിച്ചു? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ, തെളിഞ്ഞ ഒരു സത്യം നമ്മെ നേരിടുന്നു: കഥകളി ഒരു ഭക്തിപ്രസ്ഥാനകലയേ അല്ല. ഭക്തിയുടെ രസം അതിലില്ല. ദേവന്മാർ മാത്രമല്ല, ഭൂദേവന്മാരായ ബ്രാഹ്മണരും അതിലെ താരതമ്യേന നിസ്സാരരായവേഷങ്ങളാണ്. മറിച്ച്, ദേവന്മാരെ വെല്ലുവിളിക്കുകയും ബ്രാഹ്മണരെ പീഡിപ്പിക്കുകയും യാഗം മുടക്കുകയും സ്വർഗ്ഗം ജയിക്കുകയും ചെയ്യുന്ന ഉദ്ധതരായ പ്രതിനായകന്മാരാണ് കഥകളി യിലെ ആദ്യവസാനവേഷങ്ങൾ ഏറിയകൂറും. ഈ പ്രതിനായകന്മാരെ വധിക്കുന്ന ദൈവമാകട്ടെ, പലപ്പോഴും പാവയെക്കാൾ സ്വല്പം മാത്രം ഭേദപ്പെട്ട നിലയിലുള്ള ഒരപ്രധാന വേഷവുമാണ്. നരകാസുരവധത്തിൽ, നരകാസുരനെ വധിക്കുന്ന വിഷ്‌ണു ഒരു കുട്ടിത്തരം വേഷവും നരകാസുരൻ കലാമണ്ഡലം രാമൻകുട്ടിനായരെപ്പോലുള്ള പ്രഗല്ഭർക്കുമാത്രം ആടാവുന്ന ഒരു ദുഷ്‌കരവേഷവും ആണ്. ബാലിവിജയത്തിൽ വിജയിക്കുന്നത് ബാലിയാണെങ്കിലും തോൽക്കുന്ന രാവണനാണ് മുഖ്യകഥാപാത്രം. കഥകളിയിലെ വൻവേഷങ്ങളിൽ പലതും രാവണന്മാരാണ്. കാർത്തവീര്യാർജ്ജുനവിജയം, ബാലിവിജയം, രാവണോത്ഭവം, രാവണവിജയം എന്നിങ്ങനെ പ്രധാനപ്പെട്ട ‘രാവണായന’ങ്ങളി ലെല്ലാം വിശിഷ്ടനായ നായകനെ എതിർത്തുകൊണ്ട് ഈ പ്രതാപിയായ പ്രതിനായക കഥാപാത്രം നമ്മുടെ മുൻപിൽ ഉയർന്നുയർന്നു വരുന്നു. ഏറ്റവും നല്ല ഒരു കഥകളിരംഗമെന്നു പറയാവുന്ന ‘രാവണോത്ഭവ’ത്തിൽ ഈ രാവണൻ സ്വന്തം ശിരസ്സ് ഓരോന്നായി അറുത്തെടുത്ത് ഹോമിച്ചു കൊണ്ട്, ബ്രഹ്മാവിൽനിന്നു വരങ്ങൾ നേടിയ ആത്മകഥ പറയുകയാണ്. രാവണന്റെ ആത്മകഥകൂടിയുണ്ട് രാമനാട്ടത്തിൽ! വെളിച്ചത്തിന്റെയും ദിവ്യതയുടെയും കഥാപാത്രങ്ങളത്രയും പിന്നോക്കം വലിഞ്ഞ്, തൽസ്ഥാനത്ത് പകയുടെയും പ്രതികാരത്തിൻറെയും താമസമൂർത്തികൾ മുന്നോട്ട് വരുന്നതാണ് കഥകളിയിൽ കാണുന്നത്. യുദ്ധവും കൊലയും നിണവും പോലെ, ഇരുട്ടും രാത്രിയുമായി ബന്ധപ്പെട്ടതത്രയും, നാട്യശാസ്ത്രം വിലക്കിയിട്ടും രംഗത്ത് അവതരിപ്പിക്കുന്ന കഥകളിയിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളും രാത്രിഞ്ചരന്മാർതന്നെയായി ത്തീരുന്നു.

കഥകളിയിലെ ഈ പ്രത്യേകത മനസ്സിലാക്കാൻ നാം കുറെക്കൂടി ഉള്ളോട്ടു പോകണം. രാമനാട്ടമായി ആരംഭിച്ച്, ഒടുക്കം രാവണന്റെ കഥയായി മാറുന്ന കഥകളിയിലെ ‘എതിർസംസ്‌കാര’ത്തിന്റെ സൂചനകൾ, രാമനാട്ടത്തിൻറെ അവലംബമായ രാമായണത്തിൽതന്നെ ഉള്ളതാണെന്ന് അപ്പോൾ നമുക്കു ബോദ്ധ്യമാവും. രാമായണത്തിന്റെ തന്നെ ഒരു എതിർസംസ്‌കാരമായിട്ടുവേണം, അതിൻറെ ഉത്തരകാണ്ഡത്തെ കാണാൻ. രാമൻറെ വിജയത്തെ ദുഃഖംകൊണ്ടു പൂരിപ്പിക്കുന്ന ഭാഗമാണ് ഉത്തരരാമായണം. ഘടനയിലും അത് പൂർവ്വഭാഗ ത്തിന്റെ വിപരീതമാണ്. സേതു ബന്ധിച്ച് ജലത്തെ അതിലംഘിച്ച് രാമൻ സീതയെ വീണ്ടെടുക്കുന്ന ഭാഗമാണ് പൂർവരാമായണം. സീതയെ കാട്ടിൽ വെടിഞ്ഞ് രാമനും സുഗ്രീവനടക്കമുള്ള വാനരരക്ഷോഗണങ്ങൾ മുഴുവനും സരയുവിൻറെ ജലത്തിൽ ഇറങ്ങി മറയുന്ന വിയോഗഭാഗമാണ് ഉത്തരരാമായണം. പൂർവത്തിൽ മണ്ണിൽനിന്നു ജനിച്ച സീത ഉത്തരത്തിൽ അതേ മണ്ണിൻറെ യോനി പിളർന്ന് തിരിച്ചുപോവുന്നു. സമൃദ്ധിയും ഐശ്വര്യവും തികഞ്ഞ പൂർവത്തിലെ അയോദ്ധ്യ, ഉത്തരകാണ്ഡം അവസാനിക്കുമ്പോഴേക്ക് ശൂന്യമാക്കപ്പെടുന്നു. പൂർവത്തിലെ വനവാസികളായ രാമലക്ഷ്‌മണന്മാർക്കു ബദലായി ഉത്തരത്തിലെ ലവകുശന്മാരും കാട്ടിൽ അലഞ്ഞുതിരിയുന്നു. രാക്ഷസവംശത്തെ മുഴുവൻ രാമൻ വധിച്ച കഥ പൂർവഭാഗത്തിലുണ്ട്. മരിച്ച രാക്ഷസവംശത്തിൻറെ മുഴുവൻ മഹിമയും മഹർഷിമാരിൽനിന്നു കേൾക്കുകയാണ് ഉത്തരത്തിലെ രാമൻ. കൊല്ലപ്പെട്ടവരുടെ മേന്മ വിസ്തരിക്കുന്നത് കൊന്നവൻറെ യശസ്സുകൂട്ടാനാണ് എന്നു വ്യക്തമാണ്. എന്നാൽ ഈ കഥാഖ്യാനത്തെ സംബന്ധിച്ചിടത്തോളം, തികച്ചും വിപരീതമായ മറ്റൊരു ഫലംകൂടി അത് ഉളവാക്കുന്നുണ്ട്. രഘുവംശത്തെപ്പോലെ മഹത്ത്വമുറ്റതും, ബലത്തിൽ ഒരുപക്ഷേ, അതിനെ മറികടക്കുന്നതുമായ ഒരു രാക്ഷസവംശത്തിൻറെ ചിത്രം ഈ ആഖ്യാനത്തിലൂടെ തെളിഞ്ഞു വരുന്നു. പൂർവഭാഗത്ത് നാം കണ്ട രാവണന്റെ ശക്തിയും ശൗര്യവും ഈ ആഖ്യാനം കഴിയുമ്പോഴേക്ക് എത്രയോ ഇരട്ടി വർദ്ധിക്കുകയാണ്. ഉത്തരരാമായണത്തിലെ 111 സർഗ്ഗങ്ങളിൽ 35 സർഗ്ഗങ്ങളും വിനിയോഗിച്ചിട്ടുള്ളത് രാവണന്റെ പരാക്രമകഥയും വംശചരിത്രവും പകർത്തുവാനാണ്. സൂചനകളായി പൂർവഭാഗത്ത് ഒതുങ്ങിയ കഥകൾ ഉത്തരഭാഗത്ത് വിസ്‌തരിക്കപ്പെടുന്നു. കുബേരൻ രാവണൻറെ സഹോദരനാണെന്നു പറഞ്ഞുപോയിട്ടേയുള്ളൂ പൂർവരാമായണത്തിൽ. ഉത്തരത്തിൽ, ആ സാഹോദര്യം എങ്ങനെ പിറന്നുവെന്നും, പിന്നീട് അതെങ്ങനെ തീവ്രവൈരമായെന്നുമുള്ള ചരിത്രം മുഴുവൻ, രാക്ഷസവംശത്തിൻറെ പതനാഭ്യുദയകഥയുടെ പശ്ചാത്തലത്തിൽ വിവരിച്ചിട്ടുണ്ട്. മാലി, സുമാലി, മാല്യവാൻ എന്നീ ഉറവുകളിൽനിന്ന് ഒഴുകുന്ന ഈ വംശകഥയിൽ, രാക്ഷസന്മാർ വിഷ്ണു‌വിനോടു തോറ്റ് പാതാളത്തിൽ പതിച്ചതും, സുമാലിയുടെ പുത്രിയായ കൈകസി വിശ്രവസ്സിനെ വരിച്ച് രാവണൻ പിറന്നതും, രാവണൻ വൈശ്രവണനെ തോല്പിച്ച് രാക്ഷസവംശത്തിൻറെ സാമ്രാജ്യം സ്ഥാപിച്ചതുമായ കഥ മുഴുവൻ അങ്ങനെ വിവരിച്ചിരിക്കുന്നു. മാലി യെയും സുമാലിയെയും പറ്റി പൂർവത്തിൽ കാര്യമായ പരാമർശമൊന്നും ഇല്ല. മണ്ഡോദരിപോലും രാവണവധാന്തത്തിൽ വിലപിക്കാൻ വരുന്ന ഒരു മൈനർ കഥാപാത്രമാണ്. ബ്രഹ്മാവിനെ തപസ്സുചെയ്ത്‌ രാവണൻ വരങ്ങൾ നേടിയതിനെപ്പറ്റിയും പൂർവഭാഗം സൂചിപ്പിക്കുന്നതേയുള്ളൂ. എന്നാൽ ഉത്തരത്തിൽ തലയോരോന്നായി അറുത്തെടുത്ത് അഗ്നിയിൽ ഹോമിച്ചുകൊണ്ടു നടത്തിയ ആ തപസ്സിൻറെ ഘോരനാടകീയത മുഴുവൻ ഉണ്ട്. കൈലാസോദ്ധാരണത്തിൻറെ സാഹസവും പൂർവത്തിന് അവകാശപ്പെട്ടതല്ല. എന്നാൽ വഴിമുടക്കിയ പർവതത്ത ഇളക്കിയെടുത്ത് കൈകളാൽ അമ്മാനമാടിയ രാവണന്റെ ധീരത ഒരു മുഴുവൻ സർഗ്ഗവും ചെലവാക്കി ഉത്തരത്തിൽ വിവരിച്ചിട്ടുണ്ട്. ശിവനിൽനിന്ന് രാവണന് നടുക്കുന്ന ആ പേരും ചന്ദ്രഹാസം എന്ന ദിവ്യായുധവും ലഭിക്കുന്നതും ഈ സന്ദർഭത്തിലാണ്. അത്ഭുതം തോന്നാം, പൂർവത്തിലെ രാവണന് ചന്ദ്രഹാസംതന്നെയില്ല! പൂർവകാണ്ഡത്തിലെ വെറും യുദ്ധമൂർത്തിദിവ്യായുധവും ദിവ്യനാമവും ദിവ്യസൗന്ദര്യവും നേടി സംഹാരദേവനായി മാറിയിരിക്കുന്നു ഉത്തരകാണ്ഡത്തിൽ. മറ്റൊരു നിലയ്ക്കുനോക്കുമ്പോൾ, പൂർവഭാഗത്ത് പോർക്കളത്തിൽ വീണുമരിച്ച രാവണൻ, ഇരട്ടി വീര്യവും ഇരട്ടി ശക്തിയും നേടി, തൻറെ കന്ധരപംക്തിയോടും ബാഹുവിംശതിയോടുംകൂടി രാമായണത്തിൻറെ മറ്റേ ഭാഗത്ത്, അതിൻറെ രാത്രികാണ്ഡത്തിൽ ഉയിർത്തെഴുന്നേൽക്കുകയാണ്. രാമന് ഇല്ലാത്ത പ്രഭാവസൗന്ദര്യങ്ങളെല്ലാം ഇപ്പോൾ രാവണന് കൈവന്നിട്ടുണ്ട്. രാമന്റെ കഥ പറയാൻ ആരംഭിച്ച കഥകളി എങ്ങനെയോ ചെന്നുപെട്ടത് മരിക്കാത്ത ഈ യുദ്ധമൂർത്തിയുടെ സന്നിധിയിലാണ്. വലുപ്പത്തിൻറെയും മഹത്ത്വത്തിൻറെയും വേഷമായി അതു രാമനുപകരം ഈ രാവണനെ സ്വീകരിക്കുകയും ചെയ്തു. രാമനെ കൊച്ചാക്കിക്കളയുന്ന ഈ വൻവേഷത്തെ, രാവണോത്ഭവവും രാവണവിജയവും ബാലിവിജയവും ആടി കഥകളി ആഘോഷിക്കുന്നു. ഈ കഥകളിൽ രാവണോത്ഭവം മികച്ചുനില്ക്കുന്നു. കുറുകിക്കുറുകിക്കനക്കുന്ന അടന്തമേളത്തിൻറെ ഉദ്ധതധ്വനിയിൽ, തലയോരോന്നായി അറുത്തെടുത്ത് തീയിൽ ഹോമിക്കുന്ന കഥകളി നടനിൽ രാവണൻ ‘ഉത്ഭവിക്കു’കതന്നെ ചെയ്യുന്നു. ‘രാവണൻ പത്താമത്തെ ശിരസ്സും സ്വയം വെട്ടാൻ-രാവുണ്ണി മേനോനിൽവന്നുത്ഭവിപ്പതു നോക്കി’ ഇരുന്നത് ഒളപ്പമണ്ണ ഓർമ്മിക്കുകയുണ്ടായല്ലോ. “ഉത്ഭവ’ത്തിലെ തപസ്സാട്ടംപോലെ ബാലിവിജയത്തിൽ രാവണന്റെ കൈലാസോദ്ധാരണമുണ്ട്. ബാലിവിജയത്തിലും കാർത്തവീര്യാർജ്ജുനവിജയത്തിലും രാവണൻ തോൽക്കുന്ന കഥാപാത്രമാണെങ്കിലും ജയിക്കുന്ന വൻവേഷമാണ്. പരാജയത്തിൻറെ പാതാളങ്ങളിൽനിന്നും മരണത്തിന്റെ തമോഭൂമികളിൽനിന്നും ഉയിർത്തെഴുന്നേറ്റ് ഈ രാവണന്റെ ബിംബം മേലാപ്പും ശംഖനാദവുമായി കഥകളിയുടെ സ്വപ്നരംഗത്തിലേക്കു കയറിവരുന്നു.

സി. എൻ. ശ്രീകണ്ഠ‌ൻ നായർ

നായകന്റെ സ്ഥാനത്ത് പ്രതിനായകനെ പ്രതിഷ്‌ഠിക്കുന്ന ഈ രീതി കൗതുകകരമാണ്. എന്നാൽ കഥകളിയുടെ മാത്രം പ്രത്യേകതയല്ല അത്. ചിലപ്പോഴെങ്കിലും നാടകത്തിലും അതു കാണുന്നുണ്ട്. രാമന്റെ കഥയിൽ തുടങ്ങി ഒടുക്കം അതു രാവണൻറെ കഥയായി മാറുന്ന ഗതിമാറ്റം, രാമനാട്ടത്തിലെന്നപോലെ, രാമായണത്തെ ആസ്‌പദമാക്കി നാടകമെഴുതുമ്പോഴും സംഭവിക്കുന്നു. രാമായണത്തെ ആസ്‌പദമാക്കി മൂന്നു നാടകമെഴുതിയ സി. എൻ. ശ്രീകണ്ഠ‌ൻ നായർ തന്നെയാണ് ഈ ഗതിമാറ്റത്തിൻറെ മധുരമായ ഒരു മാതൃക. രാമൻറെ ദുഃഖവും പതനവും ചിത്രീകരിക്കുന്ന കാഞ്ചനസീതയുമായിട്ടാണ് സി.എൻ. തന്റെ നാടകത്രയം ആരംഭിച്ചത്. രാവണൻറെ പതനവും ദുഃഖവും ചിത്രീകരിക്കുന്ന ലങ്കാലക്ഷ്‌മിയെഴുതി അദ്ദേഹം ആ നാടകത്രയം അവസാനിപ്പിക്കുകയും ചെയ്‌തു. ലങ്കാലക്ഷ്‌മി സി. എന്നിന്റെ അവസാനത്തെ നാടകം മാത്രമല്ല ഏറ്റവും മുതിർന്ന നാടകംകൂടിയാണ്. ലങ്കാലക്ഷ്മിയിലെ രാവണനും തോൽക്കുന്ന കഥാപാത്രമാണെങ്കിലും ജയിക്കുന്ന വൻവേഷമാണ്. പിതാക്കളും പുത്രന്മാരും ഒന്നൊന്നായി വീണുപോയിട്ടും പതറാതെയും പിൻവാങ്ങാതെയും തന്റെ സുനിശ്ചിതമായ മൃത്യുവിലേക്ക് അയാൾ സംഹാരദേവനായി കുതിച്ചു പോവുന്നു. ലങ്കാലക്ഷ്‌മിയിലെ രാവണൻ ഘോഷാക്ഷരങ്ങൾകൊണ്ടു മാത്രം വിവരിക്കാവുന്ന ഒരു കഥാപാത്രമാണ്. ‘കാവ്യരചനയുടെ പാരാവാരങ്ങൾ കടന്നു വളർന്നുനിൽക്കുന്ന’വനെന്ന് സി.എൻ. വിശേഷിപ്പിച്ച ഈ രാവണൻ, അദ്ദേഹത്തിനു സൃഷ്ടിക്കാൻ കഴിഞ്ഞ ഏറ്റവും വലിയ കഥാപാത്രമാണ്. രാമായണത്തിൻറെ പൂർവഭാഗത്തുള്ള യുദ്ധകാണ്ഡത്തിൽനിന്ന് എടുത്തതാണ് ലങ്കാലക്ഷ്‌മിയിലെ സന്ദർഭം. എന്നാൽ ലങ്കാലക്ഷ്‌മിയിലെ രാവണനെ സൃഷ്ടിച്ചിരിക്കുന്നത് പൂർവരാമായണത്തിൽനിന്നല്ല. സംഭവങ്ങളുടെ വിശദാംശത്തിലും പൂർവകഥകളുടെ പരാമർശത്തിലും കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിലുമെല്ലാം ഈ നാടകം ഉത്തരരാമായണത്തെ അനുസരിക്കുന്നു. പൂർവത്തിൽ വലിയ പ്രാധാന്യമൊന്നും ഇല്ലാത്ത മണ്ഡോദരിയും മാല്യവാനും പ്രഹസ്‌തനും സുപാർശ്വനും മറ്റും, ‘ഉത്തര’ത്തെ അനുസരിച്ച് ഈ നാടകത്തിൻറെ സുപ്രധാന സ്‌തംഭങ്ങളായിത്തീരുന്നു. മയാസുരൻറെ മകളായ മണ്ഡോദരിയെ വേൾക്കുകയും മഹേശ്വരനിൽനിന്ന് വരം നേടുകയും തൻറെ വംശത്തെ പാതാളത്തിൽനിന്നുയർത്തി രാക്ഷസ സാമ്രാജ്യത്തിൻറെ ചക്രവർത്തിപദത്തിൽ പ്രതിഷ്‌ഠിക്കുകയും ചെയ്ത രാവണൻ, ഉത്തരരാമായണത്തിൽ എന്നപോലെ ലങ്കാലക്ഷ്‌മിയിലും വംശോദ്ധാരണത്തിൻറെ ദൗത്യം പൂർത്തിയാക്കുന്നു. പത്തുതലയും ഇരുപതു കൈയും ഉള്ള ഒരാൾ, ഒരാളല്ലാ ഒരു വംശംതന്നയാണല്ലോ. പൂർവരാമായണത്തിലെ നാടകീയമായ യുദ്ധസന്ദർഭത്തിലേക്ക്, ഉത്തരരാമായണത്തിലെ വംശകഥ മുഴുവൻ ആവാഹിച്ചു നിർമ്മിച്ച താണ് സി.എന്നിൻറെ രാവണവിഗ്രഹം. കഥകളിയുടെ രീതികൾ സി.എന്നിനെ ഇവിടെ സ്വാധീനിക്കുകയും വഴികാട്ടുകയും ചെയ്‌തിട്ടുണ്ടോ? പൂർവത്തിലെ കഥപറയുമ്പഴും ഉത്തരത്തിലേക്കു തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, കഥകളിയിലെ ‘ഉത്തരായണ’ത്തിന്റെ സ്‌പിരിറ്റു തന്നെയായിരിക്കുമോ? “രക്തവും അതിന്റെ വർണ്ണങ്ങളും ഉദയാസ്‌തമയങ്ങൾ എന്നവണ്ണം അകമ്പടി സേവിക്കുന്ന’ ലങ്കാലക്ഷ്മിയിലെ കഥതന്നെ, നിണവും യുദ്ധവും വധവുംകൊണ്ട് രക്തച്ഛവിപുരണ്ട കഥകളിയുടെ ഘടനയിൽനിന്ന് വിദൂരത്തല്ല. ലങ്കാലക്ഷ്മിയിലെ മൂന്നങ്കങ്ങളും സമാപിക്കുന്നത് രാവണൻറെ വീരരസം നിറഞ്ഞ വലിയ പടപ്പുറപ്പാടുകളിലാണ്. കഥകളിയിലെ വൻവേഷ ങ്ങളായ നരകാസുരനും രാവണനും മറ്റും ഉള്ള അതേ രംഗസമാപനങ്ങളാണ് ഈ പടപ്പുറപ്പാടുകൾ. ലങ്കാലക്ഷ്‌മിയിലെ രാവണൻ മണ്ഡോദരിയോടു മൊഴിയുന്ന ഘനാർദ്രമധുരമായ വാക്കുകൾക്ക്, കത്തിവേഷത്തിൻറെ ശൃംഗാരരാഗമായ പാടിയുടെ ഘനശ്രുതി തന്നെയാണ് ചേരുന്നത്. പെരുമ്പറയുടെയും ശംഖിൻറെയും അകമ്പടിയോടെയുള്ള പടപ്പുറപ്പാടുകളും, ‘ജടാകടാഹ’സ്തോത്രത്തിന്റെ ഝംപതാളധ്വനിയും ചേരുമ്പോൾ ലങ്കാലക്ഷ്മ്‌മിക്കകത്ത് ഘനവാദ്യ നിഭൃതമായ ഒരു കഥകളിമേളം ഉയർന്നുവരാൻ തുടങ്ങുന്നു. കളിയരങ്ങിലെ കത്തിവേഷം സി.എന്നിൻറെ മുഴങ്ങുന്ന ഭാഷയിൽ താണ്ഡവം തുടരുന്നതാണ് ലങ്കാലക്ഷ്‌മിയിൽ നാം കാണുന്നത്.

മലയാളസാഹിത്യത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ദ്വീപല്ല സി.എൻ. സി.എന്നിനെ ഓർക്കുമ്പോൾ, പതിറ്റാണ്ടുകളുടെ തിരശ്ശീലയ്ക്കപ്പുറത്ത് മറ്റൊരു വൻവേഷത്തെ നാം ഓർത്തുപോവുന്നു. പലനിലയ്ക്കും സി.എന്നിന്റെ പൂർവരൂപമായ സി.വി. രാമൻപിള്ളയാണ് അത്. സി.എന്നിനെപ്പോലെ സി.വി.യും വർത്തമാനത്തിൽനിന്ന് പിൻമടങ്ങി അതിന്റെ പാതാളത്തിലേക്ക് ആണ്ടുപോയ ഒരെഴുത്തുകാരനായിരുന്നു. വലുപ്പവും ശോഭയും വാച്ച വിചിത്രപുരുഷന്മാരെ പുറത്തെടുത്തുകൊണ്ട് അദ്ദേഹം പൊങ്ങിവരികയും ചെയ്‌തു. തിരുവിതാംകൂർ രാജവംശത്തിൻറെ പ്രശസ്‌തികഥകൾ എഴുതുവാനാണ് സി.വി. ഉദ്യമിച്ചത്. പക്ഷേ, അദ്ദേഹത്തിൻറെ കല അദ്ദേഹത്തെ തോല്പിച്ചു കളഞ്ഞു. സി.വി.യുടെ കൃതികളിലെ ഏറ്റവും നിറംമങ്ങിയ കഥാപാത്ര ങ്ങളായി ഈ രാജാപ്പാർട്ടുകാർ. പകരം രാജവംശത്തിൻറെ ശത്രുസ്ഥാന ത്തുനിന്ന കാളിയുടയാൻ ചന്ത്രക്കാരനും, ഹരിപഞ്ചാനനനും മറ്റും രാജസശോഭ മുറ്റിയ വൻവേഷങ്ങളുമായി. ധർമ്മരാജാവിനെയോ മാർത്താണ്ഡവർമ്മയെയോ ചിത്രീകരിക്കുമ്പോൾ ഇല്ലാത്ത സൃഷ്ടിവൈഭവം, അവരുടെ എതിരാളികളെ സൃഷ്ടിക്കുമ്പോൾ അദ്ദേഹത്തിനു കൈവന്നു. സ്വന്തം ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന മട്ടിൽ, രാജവംശപ്രശസ്‌തിയായിത്തുടങ്ങിയ സി.വി.യുടെ കല, കഴക്കൂട്ടത്തു പിള്ളമാരുടെ കുടുംബകഥയായി മാറി. നായകസ്ഥാനത്തുള്ളവർ നിറം മങ്ങുകയും പ്രതിനായകരുടെ മേൽ സർഗ്ഗവൈഭവത്തിന്റെ സ്പോട്ട്‌ലൈറ്റ് വീഴുകയും ചെയ്യുന്ന ഒരു വിപരീതപരിണാമം സി.വി.യിൽ സംഭവിക്കുന്നത് നാം കാണുന്നു. രാമനെക്കാൾ രാവണനു ശോഭ കിട്ടുന്ന കഥകളിയുടെ ഒരു തുടർച്ചയാണോ ഇത്? നാം ചോദിച്ചു പോവുന്നു. സി.എന്നിനെക്കാൾ എത്രയോ വലിയ അളവിൽ, കഥകളിയും അതിൻറെ സംസ്‌കാരവും സ്വാംശീകരിച്ച ഒരെഴുത്തുകാരനായിരുന്നു സി.വി. വാക്കുകളായി, ഉദ്ധരണികളായി, ഉപമകളായി, കല്പനകളായി, കഥാപാത്രങ്ങൾതന്നെയായി, ആട്ടക്കഥകളിൽനിന്നു വരികളും അരങ്ങത്തുനിന്നു വേഷങ്ങളും അദ്ദേഹത്തിൻറെ കലയിലേക്കു കടന്നുവന്നു. ഇരുപത്തി ആറ് ആട്ടക്കഥകളിൽനിന്നുള്ള ഉദ്ധരണികൾ സി.വി.യുടെ കൃതികളിലുണ്ടെന്ന് ഗവേഷകൻ പറയുന്നു. കഥകളിവേഷങ്ങളുടെ മൂശയിലാണ് സി. വി. തൻറെ മനുഷ്യരൂപങ്ങളെ വാർത്തെടുക്കുന്നത്. കാളിപ്രഭാവഭട്ടനെയും ഹരിപഞ്ചാനനനെയും പോലെ, ഭൂമിയിലൊരിക്കലും ജീവിക്കാനിടയില്ലാത്തമട്ടിൽ, യാഥാർത്ഥ്യത്തിൻറെ വിരുദ്ധകോടിയിൽ നില്ക്കുന്ന പാതാളപുരുഷന്മാരെയാണ് സി. വി. ക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. അതിമാനുഷരൂപികൾ ആയ ഈ വ്യക്തിത്വങ്ങൾക്കു മൂശയാവാൻ അത്യുക്തിയെ അവലംബിച്ചുനില്ക്കുന്ന കഥകളിവേഷങ്ങളോളം സാദ്ധ്യത മറ്റെന്തിനുണ്ട്? ചന്ത്രക്കാരനെ സി.വി. എഴുതിയിരിക്കുന്നത് രാവണവേഷത്തിൻറെ ചുട്ടിയും മുഖത്തെഴുത്തും ഉപയോഗിച്ചാണ്. ‘ഈ നവലങ്കാനാഥന്റെ ഇംഗിതത്തെ’ എന്നാരംഭിക്കുന്ന ധർമ്മരാജായിലെ രണ്ടാമദ്ധ്യായത്തിലുള്ള ചന്ത്രക്കാരൻറെ രൂപവർണ്ണനയിൽ രാവണവേഷത്തിൻറെ ആഹാര്യഗാംഭീര്യങ്ങൾ എല്ലാം ഒത്തിണങ്ങിയിരിക്കുന്നു. ‘ചിലമ്പിനേത്തു ദശകണ്ഠൻ’ എന്ന് ചന്ത്രക്കാരനെ രാവണനുമായി ഏകീഭവിപ്പിച്ച് സി.വി. എഴുതുന്ന സന്ദർഭവും ഉണ്ട്. ചന്ത്രക്കാരനെ അവതരിപ്പിക്കുന്ന രണ്ടാമദ്ധ്യായം തുടങ്ങുന്നതുപോലും രാവണ ജനനത്തെ അനുസ്മരിച്ചുകൊണ്ടാണ്.

‘അക്കാലങ്ങളിലതിഭുജവിക്രമ

ധികൃതശക്രപരാക്രമനാകിയ

നക്തഞ്ചരപതിരാവണനെന്നൊരു

ശക്തൻ വന്നു പിറന്നുധരായാം’

സി.വി. രാമൻപിള്ള

ഈ നക്തഞ്ചരപതിയെ വീണ്ടും ഓർമ്മിപ്പിക്കുന്ന മട്ടിൽ, ധർമ്മ രാജായുടെ അവസാനത്തിൽ ‘ഇരുളാ നീയേനെട്ട ഘെതി’ എന്ന് ആക്രോശിച്ചുകൊണ്ട് ഇരുളിലേക്കു ചാടിമറയുന്ന ചന്ത്രക്കാരൻ, ഇരുളിൽ ആണ്ടുപോവാതെ, കൂടുതൽ കരുത്തോടും കൂടുതൽ ക്രൂരതയോടുംകൂടി, കാളിപ്രഭാവഭട്ടനായി രാമരാജാബഹദൂറിൽ പുനർജ്ജനിക്കുന്നു. ഇരുളിനു നശിപ്പിക്കാനോ തിരശ്ശീലയ്ക്കു തടഞ്ഞു നിർത്താനോ കഴിയാത്ത മട്ടിൽ, പത്മനാഭസ്വാമിക്ഷേത്രത്തിലെ കഥകളി അരങ്ങത്തുനിന്ന് അലറിക്കടന്നു വരുന്ന ഗംഭീരരൂപികളായ കത്തിവേഷങ്ങൾ സി.വി.യുടെ കലയെ വിരുദ്ധഭംഗി മുറ്റിയ രാവണായനങ്ങളാക്കി മാറ്റുന്നത് നാം കാണുന്നു.

കഥകളിയിലൂടെയും അതിൻറെ തുടർച്ചതന്നെയായ സി.വി. യിലൂടെയും സി. എന്നിലൂടെയും നമ്മുടെ മുൻപിൽ വിടർന്നുവരുന്നത് അസാധാരണമായ ഒരു കഥാപാത്രദർശനമാണ്. വലുപ്പം എന്നത് നായകന് ഇല്ലാത്തതും പ്രതിനായകനുമാത്രം ഉള്ളതും ആയ ഗുണമാണ് എന്നതാണ് ആ ദർശനത്തിൻറെ ഒരു വശം. നശിച്ചാലും നശിക്കാത്ത മട്ടിലുള്ള ഒരനശ്വരത ധർമ്മമൂർത്തികൾക്കുപകരം അസുരചക്രവർത്തികൾക്കു കൈവരുന്നതാണ് അതിൻറെ മറ്റൊരു വശം. വലുപ്പം, മഹത്ത്വം, അനശ്വരത എന്നിവയെ ആസുരഗുണങ്ങളായി സങ്കല്പിക്കുന്ന ഒരു വിപരീതദർശനമാണ് ഇത്. കേരളീയമായ ഒരു പാത്രദർശനം എന്നിതിനെ വിളിക്കാം. ഒരുപക്ഷേ, കേരളസംസ്‌കാരത്തിന്റെ ഉള്ളിൽ, അതിൻറെ പാതാളങ്ങളിൽ, അനശ്വരനും ആസുരപ്രകൃതിയുമായ ഒരു പ്രതിനായകൻ കുടിപാർക്കുന്നുണ്ട് എന്നും വന്നേക്കാം. കേരളീയൻറെ ദേശീയ മിത്തോളജിയായ ഓണത്തിന്റെ കഥ അങ്ങനെയൊരു പ്രതിനായകൻറെ പാതാളവാസത്തെപ്പറ്റി പറയുന്നുണ്ടല്ലോ? മറ്റെങ്ങും കാണാത്ത മട്ടിൽ, കേരളീയന്റെ മിത്ത്, തോല്പിക്കപ്പെട്ടവൻറെ ദേശീയ മിത്താണ്. ഒരു കാലത്ത് ഒരസുര ചക്രവർത്തി ഇവിടം വാണിരുന്നു. ‘പണ്ടു ചരിത്രമുദിക്കുംമുൻപ്, മതങ്ങൾ കരഞ്ഞുപിറക്കും മുൻപൊരു, മന്നവർമന്നൻ വാണിതു, തൻ കുടവാനിനു കീഴിലൊതുങ്ങീ വിശ്വം’. (വൈലോപ്പിള്ളി) പ്രതാപങ്ങളുടെയും അനുഗ്രഹങ്ങളുടെയും ചക്രവർത്തി നാടുവാണപ്പോൾ എല്ലാവരും ഒരുപോലെയായിരുന്നു. ചതിയോ കളവോ അളവോ ഉണ്ടായിരുന്നില്ല. എന്നാൽ ആ സുവർണ്ണകാലത്തിലേക്ക് ഈശ്വരന്റെ രൂപത്തിൽ ചതി അവതരിച്ചു; കളവ് അവതരിച്ചു; അളവ് അവതരിച്ചു. പൂണൂലിട്ട ഒരു കുട്ടിവേഷം ഈ മഹാപുരുഷനിൽനിന്ന് ഭൂമി മുഴുവൻ അളന്നു വാങ്ങി. ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി- പണ്ട് ഇതേ വിഷ്‌ണു രാക്ഷസവംശത്തെ പാതാളത്തിലേക്കു താഴ്ത്തിയപോലെ. അന്നു മുതൽ കേരളീയൻറെ സ്വർഗ്ഗം പാതാളത്തിലായി; മറ്റുള്ളവരുടെ പ്രതിനായകൻ നമ്മുടെ നായകനുമായി. എന്നാൽ ഏതു പാതാളത്തിൽ അമർന്നാലും ആ സ്വർഗ്ഗവും അതിൻറെ പ്രതി പുരുഷനും നശിക്കുന്നില്ല. ‘ആരു ചവിട്ടിത്താഴ്ത്തിലുമിരുളിൻ പാതാള ത്തിലൊളിക്കിലും’ അത് സ്‌മരണയായും സ്വപ്‌നമായും നിത്യജീവൻ നേടുന്നു. വർഷത്തിലൊരിക്കൽ പാട്ടും പൂവിളിയുമായി നാം അദ്ദേഹത്തെ ഭൂമിയുടെ മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നു. ഒരർത്ഥത്തിൽ ബ്രാഹ്മണമേധാവിത്വത്തിൻറെയും ഭൂദേവത്വത്തിന്റെയും നേർക്കുള്ള പ്രതിരോധംതന്നെയായിത്തീരുന്നു, ഓർമ്മയുടെ ഈ ഉത്സവം. ഭൂമി മുഴുവൻ കൈയടക്കിയവരോട് പാതാളത്തിന്റെ പ്രതിരോധം; ചതിക്കുന്ന ദേവനെതിരെ അസുരൻറെ പ്രതിരോധം. തോൽക്കുന്ന പ്രതിനായകനാണ് വാസ്‌തവത്തിൽ ജയിക്കുന്ന നായകൻ എന്നു വിളിച്ചു പറയലാണ് നമ്മുടെ ഓണം. അങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ട്, വാമനമായ വർത്തമാനത്തിൻറെ ഇരുളിലേക്ക്, ഭൂതലകാല പാതാളങ്ങളിൽനിന്ന്, വെളിച്ചത്തിൻറെയും ധർമ്മത്തിന്റെയും ഒരു സ്വപ്നത്തെ നാം സൃഷ്ടിക്കുന്നു. ഓരോ ഓണവും മലയാളിയുടെ സംസ്കാരത്തിന്റെ ഓരോ കിനാവാണ്. ഓണപ്പൂക്കളങ്ങളിൽ വൈലോപ്പിള്ളിയുടെ മുറ്റത്തേക്ക് അത് ഭൂഗർഭത്തിൽനിന്നു കിളിർത്തു വരുന്നു.

നശിക്കാത്ത കിനാവുകൂടിയാണ് അത്. മലയാളിയുടെ സർവ കലകളിലും അതിൻറെ മാധുര്യം പതിഞ്ഞുകിടപ്പുണ്ട്. അവൻന്റെ കഥകളിയിൽ, കവിതയിൽ, നാടകത്തിൽ, കഥനവൈഭവങ്ങളിൽ, എല്ലാം ചിലപ്പഴെങ്കിലും ഈ പാതാളസ്‌മരണകൾ മുളനീട്ടുന്നു. നിലാവുദിക്കാത്ത രാത്രികളിൽ, ബ്രാഹ്മണന് കുട്ടിവേഷവും അസുരന് വൻവേഷവും നൽകുന്ന കഥകളിയിൽ, മേലാപ്പും ശംഖനാദവുമായി ഈ മഹാബലി തിരനോക്കു നടത്തുന്നു. ഓരോ കഥകളിയും ഓരോ ഓണമാണ്. കുഞ്ഞിരാമൻ നായർ കണ്ടതും വള്ളത്തോൾ കാണാ ത്തതുമായ സ്വപ്‌നത്തിൻറെ ഉത്സവം. സി.എന്നിൻറെ രാവണനായി, സി.വി.യുടെ പ്രതിനായകരായി, ഇതേ തിരനോട്ടങ്ങൾ രൂപംമാറി നമ്മുടെ മുൻപിലെത്തുന്നു. നമ്മുടെ രാത്രികളിൽനിന്ന്, അണിയറ കളിൽനിന്ന്, മിത്തോളജിയിൽനിന്ന്, സംസ്‌കാരത്തിൻറെ പാതാളങ്ങളിൽ നിന്ന്, സ്മരണകൾ, സ്വപ്‌നഭംഗികൾ, ധർമ്മദീപ്‌തികൾ, സമത്വക്കിനാവുകൾ, സി.എന്നിൻറെ ദശാസ്യവേഷങ്ങൾ, സി.വി.യുടെ ഉഗ്രരൂപികൾ, ‘വാക്കുകളുടെ മഹാബലി’ എന്ന് മറ്റൊരു കവി വിശേഷിപ്പിച്ച കുഞ്ഞിരാമൻ നായർ… അവരെല്ലാം വന്നുകൊണ്ടേയിരിക്കുന്നു. ഇതാവാം ഒരുപക്ഷേ, മലയാളിയുടെ ഉത്സവം; അവൻറെ ഗംഭീരമായ ഓർമ്മപ്പെരുനാൾ.

Republished with permission from the author K.C. Narayanan

കെ.സി. നാരായണന്റെ ലേഖനം

error: Feel free to share the article link. Please contact Mozhi for rights to copy any content.